ലണ്ടന്‍ :യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്‍റെ ക്വാര്‍ട്ടറില്‍ കടന്ന് ഇംഗ്ലീഷ് ക്ലബ് ചെല്‍സി. നിര്‍ണായകമായ പ്രീ ക്വാര്‍ട്ടറിന്‍റെ രണ്ടാം പാദ മത്സരത്തില്‍ ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ കീഴടക്കിയാണ് ചെല്‍സിയുടെ മുന്നേറ്റം. സ്വന്തം തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ നടന്ന കളിയില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി വിജയം നേടിയത്.
ഇതോടെ രണ്ട് പാദങ്ങളിലുമായി 2-1 എന്ന അഗ്രഗേറ്റഡ് സ്‌കോറോടെയാണ് ചെല്‍സി അവസാന എട്ടില്‍ ഇടം നേടിയത്. ഡോര്‍ട്ട്‌മുണ്ട് മൈതാനത്ത് നടന്ന ആദ്യ പാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍വി വഴങ്ങിയതോടെ ഈ മത്സരം ചെല്‍സിക്ക് ജീവന്‍ മരണപ്പോരാട്ടം തന്നെയായിരുന്നു. ഇതോടെ തുടര്‍വീഴ്‌ചകളില്‍ പതറുകയായിരുന്ന നീലപ്പട പഴയ വീര്യം തിരികെ പിടിച്ചാണ് മത്സരം സ്വന്തമാക്കിയത്.
റഹീം സ്റ്റെര്‍ലിങ്, കായ് ഹാവെര്‍ട്‌സ് എന്നിവരാണ് സംഘത്തിനായി ലക്ഷ്യം കണ്ടത്. മികച്ച ആക്രമണ ഫുട്‌ബോള്‍ കാഴ്‌ചവച്ച ആതിഥേയര്‍ തുടക്കം മുതല്‍ ഡോര്‍ട്ട്മുണ്ടിന്‍റെ പോസ്റ്റിലേക്ക് ഇരമ്പിക്കയറി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് സംഘത്തിന് ഗോള്‍ പട്ടിക തുറക്കാന്‍ കഴിഞ്ഞത്.
43ാം മിനിട്ടില്‍ റഹീം സ്റ്റെര്‍ലിങ്ങായിരുന്നു ഗോളടിച്ചത്. ഇതിന് തൊട്ടുമുമ്പ് ഹാവെര്‍ട്‌സിന്‍റെ ഒരു ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയതിന് സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജ് സാക്ഷിയായിരുന്നു. തുടര്‍ന്ന് 53ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് ഹാവെര്‍ട്‌സിന്‍റെ ഗോള്‍ നേട്ടം. ബോക്‌സില്‍ വച്ച് ഡോര്‍ട്ട്‌മുണ്ട് താരത്തിന്‍റെ ഹാന്‍ഡ് ബോളിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്.
അത്യന്തം നാടകീയ നിമിഷമായിരുന്നുവിത്. ഹാവെര്‍ട്‌സിന്‍റെ ആദ്യ കിക്ക് പോസ്റ്റിലിടിച്ച് മടങ്ങി. എന്നാല്‍ കിക്കെടുക്കും മുമ്പ് ഡോര്‍ട്ട്‌മുണ്ട് താരങ്ങള്‍ പോസ്റ്റിലേക്ക് ഓടിക്കയറിയതായി 'വാര്‍' പരിശോധനയില്‍ കണ്ടെത്തിയതോടെ റഫറി റീ കിക്ക് അനുവദിച്ചു. ഇത്തവണ ലക്ഷ്യം പിഴയ്‌ക്കാതെ തന്നെ ഹാവെര്‍ട്‌സ് പന്ത് വലയിലെത്തിച്ചു.