ആന്‍ഫീല്‍ഡ്: ചാമ്പ്യന്‍സ് ലീഗിന്‍റെ ക്വാർട്ടർ ഫൈനലുറപ്പിച്ച് ബയേണ്‍ മ്യൂണിക്കും, ലിവർപൂളും. പ്രീക്വാര്‍ട്ടറിന്‍റെ രണ്ടാം പാദത്തില്‍ ഇന്‍റർമിലാനെതിരെ തോല്‍വി വഴങ്ങിയെങ്കിലും ഒന്നാം പാദത്തിലെ 2-0ത്തിന്‍റെ വിജയമാണ് ലിവര്‍പൂളിന് വഴിയൊരുക്കിയത്.
ലിവര്‍പൂളിന്‍റെ സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന രണ്ടാം പാദ മത്സരത്തില്‍ ഒരു ഗോളിനാണ് മിലാന്‍ ജയം പിടിച്ചത്. ഇതോടെ 2-1ന്‍റെ അഗ്രിഗേറ്റ് സ്കോർ ലിവർപൂളിന് അനുകൂലമാവുകയായിരുന്നു.
62ാം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസിലൂടെ മുന്നിലെത്തിയെങ്കിലും തൊട്ടടുത്ത നിമിഷം സാഞ്ചസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് മിലാന് തിരിച്ചടിയായി. അതേസമയം ആൻഫീൽഡില്‍ 29 മത്സരങ്ങള്‍ക്ക് ശേഷമാണ് ഒരു എവേ ടീം ജയം നേടുന്നത്.
ഗോള്‍ മഴ പെയ്യിച്ച് ബയേൺ
ഓസ്ട്രിയൻ ക്ലബായ സാൾസ്ബർഗിനെ ഗോൾ മഴയിൽ മുക്കിയാണ് ബയേൺ മ്യൂണിക്കിന്‍റെ മുന്നേറ്റം. പ്രീക്വാര്‍ട്ടറിന്‍റെ ആദ്യ പാദത്തില്‍ സാൾസ്ബർഗിനെതിരെ ഒരു ഗോളിന്‍റെ സമനിലയില്‍ കുരുങ്ങിയെങ്കിലും രണ്ടാം പാദത്തില്‍ ബയേണ്‍ വിശ്വരൂപം പുറത്തെടുത്തു.
മത്സരത്തില്‍ ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ബയേണ്‍ വിജയം പിടിച്ചത്. ഇതോടെ 8-2 എന്ന അഗ്രിഗേറ്റ് സ്കോറിലാണ് ക്വാർട്ടറിലേക്ക് ജര്‍മ്മന്‍ വമ്പന്മാരുടെ കുതിപ്പ്. ബയേണിനായി ലെവൻഡോസ്‌കി ഹാട്രിക് നേടിയപ്പോള്‍ മുള്ളർ ഇരട്ട ഗോളും ഗ്നാബറി, സാനെ എന്നിവർ ഒരോ ഗോൾ വീതവും നേടി.
മത്സരത്തിന്‍റെ ആദ്യ 23 മിനുട്ടിൽ തന്നെ ലെവൻഡോസ്‌കി ഹാട്രിക്ക് തികച്ചിരുന്നു. രണ്ട് പെനാല്‍റ്റി ഗോളുകളുള്‍പ്പെടെയാണ് താരത്തിന്‍റെ നേട്ടം. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവും നേരത്തെ പിറന്ന ഹാട്രിക്ക് കൂടിയാണിത്.