മ്യൂണിക് : ഫുട്‌ബോൾ ലോകത്തെ കരുത്തരുടെ സാന്നിധ്യമുണ്ടായിട്ടും യുവേഫ ചാമ്പ്യൻസ് ലീഗിൽ തോൽവിയോടെ പുറത്തായി പിഎസ്‌ജി. ബയേണ്‍ മ്യൂണിക്കിനെതിരായ രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പിഎസ്‌ജി പരാജയം ഏറ്റുവാങ്ങിയത്. ഇരു പാദങ്ങളിലുമായി എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് ബയേണ്‍ സ്വന്തമാക്കിയത്. വിജയത്തോടെ ബയേണ്‍ മ്യൂണിക് ക്വാർട്ടർ ഫൈനലിലെത്തി.
ലയണൽ മെസിയും കിലിയൻ എംബാപ്പെയും ഉൾപ്പടെയുള്ള സൂപ്പർ താരങ്ങളുണ്ടായിരുന്നിട്ടും ബയേണിന്‍റെ ഹോം ഗ്രൗണ്ടായ അലയൻസ് അരീനയിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും പിഎസ്‌ജിക്ക് മുന്നേറാനായില്ല. ആദ്യ പാദത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന പിഎസ്‌ജിക്ക് രണ്ടാം പാദത്തിലും തൊട്ടതെല്ലാം പിഴച്ചു.
മത്സരത്തിൽ ഗോൾ പൊസിഷനിലും പാസുകളിലും മുന്നിട്ട് നിന്നത് പിഎസ്‌ജി ആണെങ്കിലും ഗോൾ നേടാൻ മാത്രം അവർക്കായില്ല. 25-ാം മിനിട്ടില്‍ മെസിയുടെ മുന്നേറ്റമുണ്ടായെങ്കിലും ആ ശ്രമം വിഫലമായി. 37-ാം മിനിട്ടില്‍ ഗോള്‍ കീപ്പര്‍ സോമറിന്‍റെ പിഴവ് മുതലാക്കി വിട്ടിന്‍ഞ ഷോട്ട് ഉതിര്‍ത്തെങ്കിലും പിഎസ്‌ജിക്ക് ഗോൾ നേടാനായില്ല.
രണ്ടാം പകുതിയിൽ ഇരട്ട വെടി: ഇതോടെ മത്സരത്തിന്‍റെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. എന്നാൽ രണ്ടാം പകുതിയിൽ വമ്പൻ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന പിഎസ്‌ജി ആരാധകരുടെ ഹൃദയം തകർത്തുകൊണ്ടായിരുന്നു ബയേണ്‍ ഇരു ഗോളുകളും നേടിയത്. 61-ാം മിനിട്ടിൽ ചുപ്പോ മോട്ടെംഗിലൂടെയാണ് ബയേണ്‍ ആദ്യ ഗോൾ സ്വന്തമാക്കിയത്.
പിന്നാലെ 89-ാം മിനിട്ടിൽ സെർജി ഗ്നാർബി കൂടി ഗോൾ നേടിയതോടെ ഫ്രഞ്ച് കരുത്തരുടെ പതനം പൂർത്തിയായി. ഇതോടെ ഇരു പാദങ്ങളിലും എതിരില്ലാത്ത മൂന്ന് ഗോളുകൾ സ്വന്തമാക്കിയ ബയേണ്‍ മ്യൂണിക് വിജയത്തോടെ ക്വാർട്ടർ ഉറപ്പിക്കുകയായിരുന്നു. നെയ്‌മർ പരിക്കേറ്റ് പുറത്തായതും പിഎസ്‌ജിയുടെ പ്രകടനത്തെ കാര്യമായി ബാധിച്ചു.
കിരീടമില്ലാതെ പിഎസ്‌ജി: അതേസമയം ലോകോത്തര താരങ്ങളെ ടീമിലെത്തിച്ചിട്ടും മികച്ച പ്രകടനം പുറത്തെടുക്കാനാകാത്തത് പിഎസ്‌ജിക്ക് വലിയ തലവേദനയാണ് നൽകുന്നത്. സൂപ്പർ താരങ്ങളുണ്ടായിട്ടും പിഎസ്‌ജിക്ക് ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാനായിട്ടില്ല. 2020ൽ ഫൈനലിലെത്തിയതാണ് ടീമിന്‍റെ സമീപ കാലത്തെ മികച്ച പ്രകടനം. അത്തവണ ഫൈനലിൽ പിഎസ്‌ജിയെ തകർത്ത് ബയേണ്‍ കിരീടം സ്വന്തമാക്കിയിരുന്നു.
എ സി മിലാൻ ക്വാർട്ടറിൽ : അതേസമയം മറ്റൊരു പ്രീ ക്വാർട്ടർ മത്സരത്തിൽ ടോട്ടനത്തെ സമനിലയിൽ പിടിച്ചുകെട്ടി എ.സി മിലാൻ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ആദ്യ പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന്‍റെ ആനുകൂല്യമുണ്ടായിരുന്ന എ.സി മിലാന് ടോട്ടണത്തിന്‍റെ ഹോം ഗ്രൗണ്ടിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ സമനില നേടിയതോടെ കാര്യങ്ങൾ എളുപ്പമാവുകയായിരുന്നു.
പ്രതിരോധത്തില്‍ ഇംഗ്ലീഷ് താരം ഫികായോ ടൊമോറിയുടെ കരുത്തിലായിരുന്നു ഹ്യൂങ് സണ്‍ മിന്നിനെയും സംഘത്തെയും എ സി മിലാന്‍ പിടിച്ചുകെട്ടിയത്. ഗോള്‍കീപ്പര്‍ മായ്ഗ്നനും തകർപ്പൻ സേവുകളുമായി വലയ്ക്ക് മുന്നില്‍ കരുത്ത് കാട്ടി. ഇതിനിടെ 78-ാം മിനിട്ടിൽ ടോട്ടനത്തിന്‍റെ പ്രതിരോധ താരം ക്രിസ്റ്റ്യന്‍ റൊമേറോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും ടീമിന് തിരിച്ചടിയായി.