കേരളം

kerala

ETV Bharat / sports

UCL | ജീവന്‍ നിലനിര്‍ത്താന്‍ ചെല്‍സി, മുന്നേറാന്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട്; പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരങ്ങള്‍ ഇന്ന് മുതല്‍ - ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍

ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജിലാണ് മത്സരം.

ucl round of 16  ucl round of 16 second leg  chelsea vs dortmund  ucl chelsea vs dortmund  ചെല്‍സി  ബൊറൂസിയ ഡോര്‍ട്ട്മുണ്ട്  യുവേഫ ചാമ്പ്യന്‍സ് ലീഗ്  ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍  യുവേഫ
UCL

By

Published : Mar 7, 2023, 3:00 PM IST

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ചെല്‍സി ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടിനെയും ബെന്‍ഫിക്ക ക്ലബ്ബ് ബ്രൂഗയേയും നേരിടും. രാത്രി 1.30നാണ് മത്സരങ്ങള്‍.

ചെല്‍സിക്ക് ജീവന്മരണ പോരാട്ടം:പ്രീ ക്വാര്‍ട്ടര്‍ ഒന്നാം പാദ മത്സരത്തില്‍ ചെല്‍സി ഡോര്‍ട്ട്‌മുണ്ടിനോട് കീഴടങ്ങിയിരുന്നു. സിഗ്നൽ ഇദുന പാർക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ചെല്‍സിയെ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് തകര്‍ത്തത്. കരീം അദെയേമിയുടെ ഗോളിലായിരുന്നു ഒന്നാം പാദം ഡോര്‍ട്ട്മുണ്ട് സ്വന്തമാക്കിയത്.

ഈ ഒരു ഗോളിന്‍റെ കടവുമായാണ് ചെല്‍സി തങ്ങളുടെ ഹോം ഗ്രൗണ്ടിലിറങ്ങുന്നത്. സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ അവസാനം നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ലീഡ്‌സ് യുണൈറ്റഡിനെ തകര്‍ത്ത ആത്‌മവിശ്വാസം ചെല്‍സിക്കുണ്ട്. കൂടാതെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കാന്‍ സാധിക്കുന്നു എന്നതും ടീമിന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കും.

അതേസമയം, മറുവശത്ത് മൂന്ന് തുടര്‍ ജയങ്ങളുമായാണ് ബൊറൂസിയ ഡോര്‍ട്ട്‌മുണ്ട് ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് തയ്യാറെടുക്കുന്നത്. ചെല്‍സിയെ സ്വന്തം മൈതാനത്ത് കീഴടക്കിയതിന് ശേഷവും ഡോര്‍ട്ട്മുണ്ട് ബുണ്ടസ്‌ലിഗയില്‍ തങ്ങളുടെ തേരോട്ടം തുടര്‍ന്നിരുന്നു.

അവസാനം ബുണ്ടസ് ലിഗയില്‍ നടന്ന മത്സരത്തില്‍ ആര്‍ ബി ലീപ്‌സിഗിനെ തകര്‍ത്ത് ഡോര്‍ട്ട്മുണ്ട് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബയേണുമായുള്ള പോയിന്‍റ് വ്യത്യാസം പാടെ ഇല്ലാതാക്കി. 23 മത്സരങ്ങള്‍ വീതം കളിച്ച ഇരു ടീമിനും 49 പോയിന്‍റ് വീതമാണുള്ളത്.

മുന്നേറാന്‍ ബെന്‍ഫിക്ക:ബെല്‍ജിയം ക്ലബ്ബ് ബ്രൂഗയ്‌ക്കെതിരെ രണ്ട് ഗോളിന്‍റെ മേധാവിത്വം നിലവില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബായ ബെന്‍ഫിക്കയ്‌ക്കുണ്ട്. ഒന്നാം പാദ മത്സരത്തില്‍ ബെല്‍ജിയം ക്ലബ്ബിനെ അവരുടെ തട്ടകത്തിലാണ് ബെന്‍ഫിക്ക കീഴടക്കിയത്. ഇന്ന് തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ സമനിലയെങ്കിലും പിടിച്ച് യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്ക് മുന്നേറാനാകും പോര്‍ച്ചുഗല്‍ ക്ലബ്ബിന്‍റെ ശ്രമം. എന്നാല്‍, ഒന്നാം പാദത്തിലേറ്റ തോല്‍വിക്ക് കണക്ക് വീട്ടി ജയത്തോടെ മടങ്ങാനായിരിക്കും ക്ലബ്ബ് ബ്രൂഗ ശ്രമിക്കുന്നത്.

വരാനിരിക്കുന്നത് തീപാറും പോരാട്ടങ്ങള്‍:മാര്‍ച്ച് ഒമ്പതിനാണ് ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരത്തില്‍ പിഎസ്‌ജിയും ബയേണ്‍ മ്യൂണിക്കും തമ്മിലേറ്റുമുട്ടുന്നത്. ആ ദിവസം തന്നെ ടോട്ടന്‍ഹാം എസി മിലാനെയും നേരിടുന്നുണ്ട്.

കിരീടം നേടണമെന്ന സ്വപ്‌നം സാക്ഷാത്‌കരിക്കാന്‍ പിഎസ്‌ജിക്ക് ബയേണ്‍ മ്യൂണിക്കിനെ തകര്‍ക്കേണ്ടതുണ്ട്. ഒന്നാം പാദ മത്സരത്തിന് ഇറങ്ങിയപ്പോള്‍ പിഎസ്‌ജി എതിരില്ലാത്ത ഒരു ഗോളിനാണ് ബയേണിനോട് തോറ്റത്. കിങ്‌സിലി കോമന്‍റെ ഗോളിലായിരുന്നു പിഎസ്‌ജിയുടെ മൈതാനത്ത് ബയേണിന്‍റെ ജയം.

രണ്ടാം പാദ മത്സരം ബയേണ്‍ മ്യൂണിക്കിന്‍റെ തട്ടകമായ അലിയന്‍സ് അറീനയിലാണ് നടക്കുന്നത്. രാത്രി 1.30നാണ് ഈ മത്സരവും.

ഇതിന് ശേഷം മാര്‍ച്ച് 15, 16 തീയതികളില്‍ ശേഷിക്കുന്ന മത്സരം നടക്കും. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ആര്‍ ബി ലീപ്‌സിഗിനെ 15ന് എത്തിഹാദ് സ്റ്റേഡിയത്തില്‍ നേരിടും. റയല്‍ മാഡ്രിഡ് ലിവര്‍പൂള്‍ വമ്പന്‍ പോരാട്ടം മാര്‍ച്ച് 16ന് ആണ് നടക്കുന്നത്.

Also Read:പിഎസ്‌ജിക്ക് വമ്പന്‍ തിരിച്ചടി; പരിക്കേറ്റ സൂപ്പര്‍ താരത്തിന് ശസ്‌ത്രക്രിയ, സീസണ്‍ മുഴുവന്‍ പുറത്ത്

ABOUT THE AUTHOR

...view details