സൂറിച്ച്: യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടർ ഫൈനൽ ലൈനപ്പായി. സ്‌പാനിഷ് വമ്പൻമാരായ റയല്‍ മാഡ്രിഡ് നിലവിലെ ജേതാക്കളായ ചെല്‍സിയെ നേരിടും. മറ്റൊരു പ്രധാന മത്സരത്തിൽ മാഞ്ചസ്റ്റര്‍ സിറ്റി സ്‌പാനിഷ് ചാംപ്യന്മാരായ അത്‌ലറ്റികോ മാഡ്രിഡിനെ നേരിടും.ബയേൺ മ്യൂണിച്ചിന് വിയ്യാറയലും ലിവർപൂളിന് പോർച്ചുഗീസ് ക്ലബായ ബെൻഫികയുമാണ് ക്വാർട്ടർ എതിരാളികൾ.
ഏപ്രില്‍ ഏഴിന് ഇന്ത്യന്‍ സമയം രാത്രി 12.30നാണ് ആദ്യപാദ മത്സരങ്ങള്‍. ബയേണിനും ലിവര്‍പൂളിനും അത്‌ലറ്റികോയ്ക്കും റയലിനും ആദ്യം എവേ മത്സരങ്ങളാണ്. രണ്ടാം പാദം ഏപ്രിൽ 14ന് ആരംഭിക്കും. ഏപ്രിൽ 28ന് ചാമ്പ്യൻസ് ലീഗിന്‍റെ സെമി ഫൈനൽ പോരാട്ടങ്ങൾ നടക്കുമ്പോൾ മെയ് അഞ്ചിന് നടക്കുന്ന ഫൈനൽ ജേതാക്കളെ തീരുമാനിക്കും.
കഴിഞ്ഞ സീസണിൽ തങ്ങളെ കീഴടക്കി ഫൈനലിലേക്ക് മുന്നേറിയ ചെൽസിയോട് പകരം വീട്ടാൻ റയലിനുള്ള സുവർണാവസരമാണിത്. ഇത്തവണ ശക്തരായ പിഎസ്‌ജിയെ 3-2ന് തകര്‍ത്താണ് റയല്‍ അവസാന എട്ടിലെത്തിയത്. ചെല്‍സി ഇരുപാദങ്ങളിലുമായി ഫ്രഞ്ച് ക്ലബ് ലില്ലയെ തോല്‍പ്പിച്ചു.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചെത്തിയ അത്‌ലറ്റികോയ്ക്ക് ഇനി നേരിടേണ്ടത് പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയെയാണ്. സ്‌പോര്‍ട്ടിംഗ് ലിസ്ബണെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് സിറ്റി ക്വാര്‍ട്ടറിലെത്തിയത്.
ഓസ്‌ട്രിയൻ ക്ലബായ ആര്‍ബി സാല്‍സ്ബര്‍ഗിനെ 8-2ന് തകര്‍ത്താണ് ബയേണിന്‍റെ വരവ്. ഇറ്റാലിയന്‍ വമ്പൻമാരായ യുവന്‍റസിനെ തോല്‍പ്പിച്ചെത്തുന്ന ഉനായ് എമെറിയുടെ വിയ്യാറയല്‍ എങ്ങനെ ബയേണിനെ നേരുടുമെന്നത് കണ്ടറിയണം.