ലണ്ടൻ: യുവേഫ ചാമ്പ്യന്‍സ് ലീഗിന്‍റെ രണ്ടാം സെമി ഫൈനലിന്‍റെ ആദ്യ പാദത്തിൽ ഇന്ന് ലിവര്‍പൂള്‍ വിയ്യാറയലിനെ നേരിടും. ലിവര്‍പൂളിന്‍റെ തട്ടകമായ ആൻഫീൽഡിൽ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. ഏഴാം കിരീടമാണ് കരുത്തരായ ലിവര്‍പൂളിന്‍റെ ലക്ഷ്യമെങ്കില്‍ കന്നി ഫൈനല്‍ സ്വപ്‌നവുമായാണ് വിയ്യാറയല്‍ ഇറങ്ങുന്നത്.
ക്വാര്‍ട്ടറില്‍ കരുത്തരായ ബയേൺ മ്യൂണിക്കിനെ കീഴടക്കിയെത്തുന്ന വിയ്യാറയലിന് ലിവര്‍പൂളിനെയും മറികടക്കാനായാല്‍ കന്നി ചാമ്പ്യന്‍സ് ലീഗ് ഫൈനലെന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കാം. കോച്ച് ഉനായ് എമെറിയുടെ തന്ത്രങ്ങളാണ് ടീമിന് കരുത്ത് പകരുന്നത്. സെവിയ്യക്ക് മൂന്ന് യൂറോപ്പ ലീഗ് കിരീടങ്ങള്‍ നേടിക്കൊടുത്ത എമെറി കഴിഞ്ഞ വര്‍ഷം വിയ്യാറയലിനേയും യൂറോപ്പ കിരീടത്തിലേക്ക് നയിച്ചിരുന്നു.
ആറ് തവണ കിരീടം നേടിയ ലിവര്‍പൂള്‍ സമീപകാലത്ത് ആൻഫീൽഡിൽ തോല്‍വിയറിഞ്ഞില്ലെന്ന ആത്മവിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ വിയ്യാറയലിന് ആൻഫീൽഡിൽ യുര്‍ഗന്‍ ക്ലോപ്പിന്‍റെ സംഘത്തെ മറികടക്കൽ എളുപ്പമാകില്ല. കൂടാതെ പ്രധാന താരങ്ങളായ ആല്‍ബെർട്ടോ മൊറീനോ, ജെറാര്‍ഡ് മൊറേനോ എന്നിവര്‍ വിയ്യാറയലിനായി കളിക്കുമോയെന്നും വ്യക്തമല്ല.
ALSO READ:ചാമ്പ്യൻസ് ലീഗ്: ഇത്തിഹാദില്‍ ഗോളടി മേളം; ത്രില്ലർ പോരിൽ റയലിനെ വീഴ്‌ത്തി സിറ്റി
മുഹമ്മദ് സലായും സാദിയോ മാനേയും അണിനിരക്കുന്ന ലിവര്‍പൂള്‍ ഈ സീസണ്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ മുൻനിരയിലാണ്. യുര്‍ഗന്‍ ക്ലോപ്പെന്ന തന്ത്രശാലിയായ പരിശീലകന് കീഴില്‍ മിന്നും ഫോമിലാണ് ലിവര്‍പൂള്‍. റോബർട്ടോ ഫിർമിനോ പരിക്കിന്‍റെ പിടിയിലാണെങ്കിലും ലിവർപൂൾ റിസർവ് നിരയും സുശക്തമാണ്.