ടൂറിൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ചെൽസി ക്വാർട്ടറിൽ. പ്രീക്വാർട്ടറിൽ ഫ്രഞ്ച് ക്ലബ് ലില്ലെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചാണ് ക്വാർട്ടർ പ്രവേശനം. ക്രിസ്റ്റ്യൻ പുലിസിച്ചും അസ്‌പിലിക്യൂട്ടയുമാണ് ചെൽസിയുടെ ഗോളുകൾ നേടിയത്. ആദ്യ പാദത്തിൽ രണ്ട് ഗോളിന്‍റെ ജയം സ്വന്തമാക്കിയിരുന്ന നീലപ്പട ഇരുപാദങ്ങളിലുമായി 4-1 ന്‍റെ വമ്പൻ ജയം സ്വന്തമാക്കി.
ഇന്ന് ആദ്യ പകുതിയിൽ 38-ാം മിനിട്ടിൽ യിൽമാസിന്‍റെ പെനാൾട്ടി ഗോൾ ലില്ലെയെ മുന്നിൽ എത്തിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷത്തെ പുലിസിച് ഗോൾ ലില്ലെയുടെ പ്രതീക്ഷ തകർത്തു. 71-ാം മിനിട്ടിൽ ആസ്‌പിലികെറ്റയും ഗോൾ നേടിയതോടെ ചെൽസി ക്വാർട്ടർ ഉറപ്പിച്ചു.
യുവന്‍റസ് ക്വാർട്ടർ കാണാതെ പുറത്ത്
ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ വമ്പൻമാരായ യുവന്‍റസിന് തോൽവി. യുവന്‍റസ് സ്വന്തം മൈതാനത്ത് നടന്ന രണ്ടാം പാദ മത്സരത്തിൽ വിയ്യാറയലിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റതോടെ അവർ ക്വാർട്ടർ കാണാതെ പുറത്തായി. ആദ്യപാദം ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ ആയിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 4-1ന്‍റെ തകർപ്പൻ ജയവുമായി വിയ്യാറയൽ ക്വാർട്ടറിൽ കടന്നു.
ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ച മത്സരത്തിന്‍റെ 78-ാം മിനിട്ടിൽ പെനാൾട്ടിയിലൂടെ മൊറേനോ വിയ്യറയലിന് ലീഡ് നൽകി. പിന്നാലെ 85-ാം മിനിട്ടിൽ ഒരു ഹെഡറിലൂടെ പോ ടോറസ് ലീഡ് ഇരട്ടിയാക്കി. 90-ാം മിനുട്ടിൽ ഡാഞ്ചുമയുടെ പെനാൾട്ടി ഗോൾ കൂടെ വന്നതോടെ യുവന്‍റസ് തീർന്നു.
ALSO READ:UEFA CHAMPIONS LEAGUE | മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്ത് ; അയാക്‌സിനെ തകർത്ത് ബെനഫിക്ക ക്വാർട്ടറിൽ
ചാമ്പ്യൻസ് ലീഗിൽ നിന്ന് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ ദിവസം പുറത്തായിരുന്നു. സ്വന്തം സ്റ്റേഡിയമായ ഓൾഡ് ട്രാഫോർഡിൽ അത്‌ലറ്റിക്കോ മാഡ്രിഡിനോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റതോടെ 2-1ന്‍റെ അഗ്രിഗേറ്റ് സ്കോറിൽ യുണൈറ്റഡ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്താവുകയായിരുന്നു. ജയത്തോടെ അത്‌ലറ്റിക്കോ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു. 41-ാം മിനിട്ടിൽ റെനാൻ ലോഡി നേടിയ ഹെഡർ ഗോളാണ് അത്‌ലറ്റിക്കോയ്ക്ക് ജയം സമ്മാനിച്ചത്.