ബാങ്കോക്ക്: തുടർച്ചയായ രണ്ട് വിജയങ്ങൾക്ക് ശേഷം യൂബർ കപ്പ് ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ ദക്ഷിണ കൊറിയയ്‌ക്കെതിരെ തകർന്നടിഞ്ഞ് ടീം ഇന്ത്യ. 5-0 എന്ന എകപക്ഷീയമായ സ്‌കോറിനാണ് നിരാശപ്പെടുത്തുന്ന തോൽവി ഏറ്റുവാങ്ങിയത്. ലോക നാലാം നമ്പർ താരം അൻ സെയോങ്ങിന് മുന്നിൽ ലോക ഏഴാം നമ്പർ പിവി സിന്ധുവിന് വീണ്ടും കാലിടറി. 42 മിനിറ്റ് നീണ്ട മത്സരത്തിൽ 15-21, 14-21 എന്ന സ്കോറിനാണ് സിന്ധു തോറ്റത്.
രണ്ടാം പോരാട്ടത്തിൽ വനിതാ ഡബിൾസ് ജോഡികളായ ശ്രുതി മിശ്ര - സിമ്രാൻ സിംഗി സഖ്യത്തെ 39 മിനിറ്റ് നീണ്ട മത്സരത്തിൽ 13-21, 12-21 എന്ന സ്‌കോറിനാണ് ലീ സോ-ഹീ-ഷിൻ സ്യൂങ്-ചാൻ സഖ്യം തകർത്തത്. മൂന്നാം മത്സരത്തിൽ കിം ഗാ-യൂണുമായി ഏറ്റുമുട്ടിയപ്പോൾ 10-21, 10-21 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. 36 മിനിറ്റ് നീണ്ടുനിന്ന നാലാം മത്സരത്തിൽ തനിഷ ക്രാസ്റ്റോ - ട്രീസ ജോളി സഖ്യം കിം ഹ്യു ജിയോങ് -കോങ് ഹീ യോങ് സഖ്യത്തോട് 14-21, 11-21 എന്ന സ്കോറിന് തോറ്റു.