ഭുവനേശ്വർ : അണ്ടർ 17 വനിത ലോകകപ്പിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ആതിഥേയരായ ഇന്ത്യക്ക് തോൽവിയോടെ മടക്കം. കരുത്തരായ ബ്രസീലിനെതിരെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഇന്ത്യൻ പെണ്‍പട തോൽവി വഴങ്ങിയത്. ജയത്തോടെ ബ്രസീൽ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തോടെ ക്വാർട്ടറിൽ പ്രവേശിച്ചു. അമേരിക്കയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്.
മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയ ബ്രസീലിനെതിരെ കരുത്തുറ്റ പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഗോളുകൾ നേടാൻ സാധിച്ചില്ലെങ്കിൽ പോലും മികച്ച പ്രതിരോധമാണ് ഇന്ത്യൻ താരങ്ങൾ തീർത്തത്. മത്സരത്തിന്‍റെ 11-ാം മിനിട്ടിൽ തന്നെ ബ്രസീൽ ആദ്യ ഗോൾ സ്വന്തമാക്കിയിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് 40-ാം മിനിട്ടിൽ രണ്ടാം ഗോളും നേടി ബ്രസീൽ മത്സരത്തിൽ ആധിപത്യമുറപ്പിച്ചു.
രണ്ടാം പകുതിയിൽ 51-ാം മിനിട്ടിൽ തന്നെ ബ്രസീൽ മൂന്നാം ഗോൾ നേടി. പിന്നാലെ 87-ാം മിനിട്ടിലും ഇഞ്ച്വറി ടൈമിലും ഓരോ ഗോൾ കൂടി നേടി ബ്രസീൽ മത്സരം അവസാനിപ്പിച്ചു. അതേസമയം ആദ്യ മത്സരത്തിൽ അമേരിക്കയോട് എട്ട് ഗോളിനും, രണ്ടാം മത്സരത്തിൽ മൊറോക്കോയോട് മൂന്ന് ഗോളിനും ഇന്ത്യ തോറ്റിരുന്നു. അതിനാൽ തന്നെ ഇന്ത്യക്ക് ബ്രസീലിനെതിരായ മത്സര ഫലം അപ്രസക്‌തമായിരുന്നു.
16 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മത്സരിക്കുന്നത്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ക്വാര്‍ട്ടറിലെത്തുക. ഗ്രൂപ്പ് ബിയില്‍ നിന്ന് ജര്‍മനിയും നൈജീരിയയും ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഗ്രൂപ്പ് സിയില്‍ രണ്ട് മത്സരങ്ങള്‍ വീതം കഴിഞ്ഞപ്പോള്‍ കൊളംബിയ, സ്പെയിന്‍, മെക്‌സിക്കോ, ചൈന എന്നിവർക്ക് മൂന്ന് പോയിന്‍റ് വീതമുണ്ട്. ഗ്രൂപ്പ് ഡിയില്‍ നിന്ന് ജപ്പാന്‍ ആണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ച മറ്റൊരു ടീം.