ലോക ഫുട്‌ബോളിലെ ഭാവി സൂപ്പർ താരങ്ങളുടെ ടൂർണമെന്‍റായിട്ടാണ് അണ്ടർ 20 ലോകകപ്പിനെ കണക്കാക്കുന്നത്. ഡീഗോ മറഡോണ, ലയണൽ മെസി, പോൾ പോഗ്‌ബ തുടങ്ങിയ താരങ്ങൾ ഈ ടൂർണമന്‍റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയാണ് ഫുട്‌ബോളിലേക്കുള്ള വരവറിയിക്കുന്നത്. ഇത്തവണ അർജന്‍റീനയിൽ സമാപിച്ച ലോകകപ്പിൽ പുതിയൊരു താരത്തിന്‍റെ ഉദയത്തിനാണ് ഫുട്‌ബോൾ സാക്ഷിയായത്.
ചെൽസിയുടെ വണ്ടർ കിഡായ സെസാരെ കസാഡെയാണ് ടൂർണമെന്‍റിലെ ടോപ് സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ടും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരവും സ്വന്തമാക്കിയത്. ടൂർണമെന്‍റിലുടനീളം കളം നിറഞ്ഞുകളിച്ച സെസാഡെ ഏഴ് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. മിഡ്‌ഫീൽഡറായ സെസാരെ കസാഡെ ഒരു ബോക്‌സ് ടു ബോക്‌സ് കളിക്കാരനായതിനാൽ ഫ്രാങ്ക് ലംപാർഡ്, കക്ക എന്നി ഇതിഹാസ താരങ്ങളുമായിട്ടാണ് ഫുട്ബോൾ ലോകം ഉപമിച്ചിരുന്നത്. ഇറ്റലിയെ ലോകകപ്പിന്‍റെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് സെസാഡെ.
2022ൽ ഇന്‍റർ മിലാനിൽ നിന്നും ആറു വർഷത്തെ കരാറിലാണ് ചെൽസി ഈ യുവതാരത്തെ ടീമിലെത്തിച്ചത്. ഏകദേശം 15 മില്യൺ യൂറോ ട്രാൻസ്‌ഫർ തുകയും അഞ്ച് മില്യൺ ആഡ് ഓണുമടയ്‌ക്കം 20 മില്യൺ മുടക്കിയാണ് ഇരുപതുകാരനുമായി ചെൽസി കരാർ ഒപ്പിട്ടത്. ചെൽസിയുടെ അണ്ടർ 21 ടീമിന്‍റെ ഭാഗമായിരുന്ന യുവതാരം നിലവിൽ ചാമ്പ്യൻഷിപ്പ് ക്ലബായ റീഡിങ്ങിൽ ലോൺ അടിസ്ഥാനത്തിലാണ് കളിക്കുന്നത്.
സെസാരെ കസാഡെയെ കൂടാതെ നിരവധി താരങ്ങളാണ് ഈ ലോകകപ്പിൽ വമ്പൻ ക്ലബുകളുടെ റഡാറിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ ലോകകപ്പിൽ പുറത്തെടുത്ത മികച്ച പ്രകടനത്തിന്‍റെ ബലത്തിൽ സീനിയർ ടീമിലേക്കുള്ള വിളിക്കായി കാത്തിരിക്കുകയാണിവർ. ക്ലബ് ഫുട്‌ബോളിന്‍റെ പുതിയ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ട്രാൻസ്‌ഫർ ജാലകത്തിൽ മികച്ച ടീമുകളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്ന മറ്റു താരങ്ങളെ നോക്കാം..
സെബാസ്റ്റ്യൻ ബൊസെല്ലി; യുറഗ്വായുടെ കന്നിക്കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ഈ 19-കാരനായ ഡിഫൻഡർ. ലോകകപ്പിലുടനീളം യുറുഗ്വേ വഴങ്ങിയത് മൂന്ന് ഗോളുകൾ മാത്രമാണെന്നത് പ്രതിരോധത്തിലെ ബൊസെല്ലി പങ്ക് എത്രത്തോളമെന്ന് ഊഹിക്കാവുന്നതാണ്.