ഇസ്‌താംബൂള്‍: തെക്ക്-കിഴക്ക് തുര്‍ക്കിയേയും സിറിയിയേയും പിടിച്ച് കുലുക്കിയ ഭൂകമ്പത്തില്‍ ഫുട്‌ബോള്‍ താരം അഹ്‌മദ് അയ്യൂബ് തുർക്കസ്‍ലാന് (28) ദാരുണാന്ത്യം. തുര്‍ക്കി ക്ലബ്ബായ യെനി മലാട്യസ്പോറിന്‍റെ ഗോള്‍ കീപ്പറാണ് മരണപ്പെട്ട അഹ്‌മെദ്. ക്ലബ്ബ് അധികൃതരാണ് താരത്തിന്‍റെ മരണവിവരം ഔദ്യോഗികമായി പുറത്ത് വിട്ടത്.
'അഹ്‌മദ് അയ്യൂബ്, ഞങ്ങളുടെ ഗോള്‍ കീപ്പറിന് ഭൂകമ്പത്തില്‍ ജീവന്‍ നഷ്‌ടമായിരിക്കുന്നു. അദ്ദേഹത്തിന് നിത്യശാന്തി നേരുന്നു. ഞങ്ങള്‍ നിങ്ങളെ ഒരിക്കലും മറക്കില്ല' ക്ലബ് ട്വിറ്ററില്‍ കുറിച്ചു.
തുര്‍ക്കിയില്‍ ഭൂകമ്പം ഉണ്ടായതിന് പിന്നാലെ ഫെബ്രുവരി ആറ് മുതല്‍ അഹ്‌മദ് അയ്യൂബിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലുകള്‍ക്കൊടുവിലാണ് അഹ്‌മദ് അയ്യൂബിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു താരത്തിന്‍റെ മൃതദേഹം.
തുര്‍ക്കിഷ് സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ്ബായ യെനി മലാട്യസ്പോറിലേക്ക് 2021ലാണ് അഹ്‌മദ് അയ്യൂബ് എത്തിയത്. ആറ് മത്സരങ്ങളില്‍ ടീമിന്‍റെ ഗോള്‍വല കാക്കാന്‍ അഹ്‌മദ് അയ്യൂബ് ഗ്രൗണ്ടിലിറങ്ങിയിട്ടുണ്ട്. ഈ സീസണില്‍ രണ്ട് മത്സരങ്ങളിലായിരുന്നു താരം കളിച്ചത്.
ഘാന ഫുട്‌ബോള്‍ താരത്തെ കണ്ടെത്തി:തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ കാണാതായ ക്രിസ്റ്റ്യന്‍ ആറ്റ്‌സുവിനെ കണ്ടെത്തി. കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്നാണ് മുന്‍ ചെല്‍സി താരത്തെ കണ്ടെത്തിയത്. താരം രക്ഷപ്പെട്ട വിവരം ഘാന ഫുട്‌ബോള്‍ അസോസിയേഷനാണ് പുറത്തുവിട്ടത്.
തുര്‍ക്കിയിലെ ആഭ്യന്തര ഫുട്‌ബോള്‍ ലീഗില്‍ ഹതായ് സ്‌പോറിന് വേണ്ടിയാണ് ആറ്റ്‌സു നിലവില്‍ കളിക്കുന്നത്. തുര്‍ക്കിയില്‍ ഘാന താരം താമസിച്ചിരുന്ന ഹതായ് സ്‌പോര്‍ പ്രവിശ്യയിലും ഭൂകമ്പമുണ്ടായിരുന്നു. തുടര്‍ന്ന് ആറ്റ്സുവിനെ കാണാതായ വാര്‍ത്ത മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.
ഹതായ് സ്‌പോറിന്‍റെ അവസാന മത്സരത്തിലെ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ആറ്റ്സുവായിരുന്നു. താരത്തെ കാണാതാകുന്നതിന് തലേ ദിവസമായിരുന്നു ഈ മത്സരം നടന്നത്. മത്സരത്തിന്‍റെ ഇഞ്ചുറി ടൈമില്‍ ആറ്റ്‌സു നേടിയ ഗോളിലൂടെയാണ് ഹതായ് സ്‌പോര്‍ ജയം പിടിച്ചത്.
പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ ചെല്‍സി, ന്യൂകാസില്‍ എന്നീ ടീമുകള്‍ക്കായി കളിച്ചിട്ടുള്ള ആറ്റ്സു കഴിഞ്ഞ സെപ്‌റ്റംബറിലാണ് തുര്‍ക്കി ക്ലബ്ബിലേക്ക് ചേക്കേറിയത്. അഞ്ച് സീസണിലായിരുന്നു താരം ന്യൂകാസിലിനായി കളത്തിലിറങ്ങിയത്. 2021ല്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍റാഇദിനൊപ്പവും കളിച്ചു.
അവിടെ നിന്നാണ് ആറ്റ്‌സു ഹതായ് സ്‌പോറിലേക്കെത്തിയത്. 2012ല്‍ ആദ്യമായി ദേശീയ കുപ്പായം അണിഞ്ഞ ആറ്റ്‌സു നാല് വര്‍ഷം മുന്‍പ് 2019ലാണ് അവസാനമായി ഒരു രാജ്യന്തര മത്സരം കളിച്ചത്. ഇതിന് ശേഷം ദേശീയ ടീമിലിടം നേടിയിട്ടില്ലെങ്കിലും താരം അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചിട്ടില്ല. 2014 ബ്രസീല്‍ ലോകകപ്പിലും നാല് ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലും ആറ്റ്‌സു ഘാനയ്‌ക്കായി കളിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ തിങ്കളാഴ്‌ച പുലര്‍ച്ചയോടെയായിരുന്നു തുര്‍ക്കിയിലും സിറിയയിലും നാശം വിതച്ച ഭൂചലനം റിപ്പോര്‍ട്ട് ചെയ്‌തത്. തുടരെയുണ്ടായ ഭൂചലനങ്ങളായിരുന്നു ഇരു രാജ്യങ്ങളെയും തകര്‍ത്തെറിഞ്ഞത്. പുലര്‍ച്ചെ 7.8 തീവ്രതയിലും തുടര്‍ന്ന് ഉച്ചയോടെ 7.5 തീവ്രതയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇരു രാജ്യങ്ങളിലായുണ്ടായ ഭൂചലനത്തില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 15,000 കടന്നെന്നാണ് റിപ്പോര്‍ട്ട്. മോശം കാലാവസ്ഥയ്‌ക്കിടയിലും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.