ബര്‍ലിന്‍: ഫുട്‌ബോളില്‍ ചരിത്രപരമായ തീരുമാനവുമായി ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. ഇനിമുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ താരങ്ങള്‍ക്ക് അവര്‍ക്കിഷ്‌ടമുള്ള രീതിയില്‍ വനിത ടീമിലോ, പുരുഷ ടീമിലോ കളിക്കാമെന്ന് അസോസിയേഷന്‍ അറിയിച്ചു. നേരത്തെ വൈദ്യപരശോധനകള്‍ക്കും ലിംഗ നിര്‍ണയത്തിനും ശേഷം അതിനനുസരിച്ചുള്ള ടീം തെരഞ്ഞെടുക്കാനാണ് അനുവദിച്ചിരുന്നത്.
അമേച്വര്‍, യൂത്ത്, ഫുട്‌സാല്‍ തലങ്ങളില്‍ അടുത്ത സീസണ്‍ മുതല്‍ക്കാണ് നിയമം നടപ്പിലാക്കുക. ട്രാൻസ്‌ജെൻഡർ താരങ്ങള്‍ക്ക് വനിതകളുടെ മത്സരങ്ങളില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയ സ്വിമ്മിങ് വേൾഡ് ഗവേണിങ് ബോഡിയായ ഫിനയുടേയും, അന്താരാഷ്‌ട്ര റഗ്‌ബി ലീഗിന്‍റേയും തീരുമാനത്തിന് പിന്നാലെയാണ് ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍റെ വിപ്ലവകരമായ തീരുമാനം.