ടോക്കിയോ: പാരാലിമ്പിക്സില്‍ രണ്ടാം മെഡലെന്ന ഇന്ത്യന്‍ ഷൂട്ടര്‍ അവാനി ലേഖാരയുടെ മോഹം പൊലിഞ്ഞു. ആര്‍ 3 മിക്സഡ് 10 മീറ്റർ എയർ റൈഫിൾ പ്രോണില്‍ അവാനിക്ക് ഫൈനലിന് യോഗ്യത നേടാനായില്ല.
യോഗ്യത റൗണ്ടില്‍ 27ാം സ്ഥാനത്താണ് 19കാരിയായ അവാനിക്ക് മത്സരം പൂര്‍ത്തിയാക്കാനായത്. 629.7 പോയിന്‍റാണ് താരത്തിന് ലഭിച്ചത്.
സൗത്ത് കൊറിയയുടെ പാര്‍ക്ക് ജിന്‍-ഹോയാണ് 638.9 പോയിന്‍റ് നേടി പാരാലിമ്പിക് റെക്കോഡോടെ ഒന്നാം സ്ഥാനത്തെത്തിയത്. ജർമനിയുടെ നതാഷ ഹിൽട്രോപ്പ് (635.4 പോയിന്‍റ് ) രണ്ടാം സ്ഥാനത്തെത്തി.
ആ ഇനത്തില്‍ മത്സരിച്ച മറ്റ് ഇന്ത്യന്‍ താരങ്ങളായ സിദ്ധാര്‍ത്ഥ് ബാബു (625.5 പോയിന്‍റ്) നാല്‍പ്പതാം സ്ഥാനത്തും, ദീപക് (624.9 പോയിന്‍റ്) നാല്‍പ്പത്തിമൂന്നാം സ്ഥാനത്തുമാണ് മത്സരം പൂര്‍ത്തിയാക്കിയത്. നാല്‍പ്പത്തിയേഴ് ഷൂട്ടര്‍മാരാണ് മത്സര രംഗത്തുണ്ടായിരുന്നത്.
also read: ടോക്കിയോയില്‍ മഴ തടസം നിന്നു; പാരീസില്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടും: മാരിയപ്പൻ തങ്കവേലു
അതേസമയം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വനിതകളുടെ വിഭാഗത്തില്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടാന്‍ അവാനിക്ക് കഴിഞ്ഞിരുന്നു. 249.6 പോയിന്‍റ് നേടിയാണ് 19കാരിയായ താരം ഒന്നാം സ്ഥാനത്തെത്തിയത്. പാരാലിമ്പിക്‌സില്‍ ഒരു ഇന്ത്യന്‍ വനിതയുടെ ആദ്യ സ്വര്‍ണ മെഡല്‍ നേട്ടം കൂടിയാണിത്.