ടോക്കിയോ: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ (ഐഎഎ) പ്രതിഷേധത്തില്‍ നിലപാടറിയച്ച് ടോക്കിയോ ഒളിമ്പിക്സ് സംഘാടകര്‍. ഇന്ത്യൻ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ജാപ്പനീസ് സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ഐഎഎ അയച്ച കത്തിനാണ് സംഘാടകര്‍ മറുപടി നല്‍കിയിരിക്കുന്നത്.
ഗെയിംസ് വില്ലേജിനുള്ളിൽ ഇന്ത്യൻ അത്‌ലറ്റുകൾക്ക് സുരക്ഷിതമായ താമസവും തടസമില്ലാത്ത പരിശീലനവും ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് ഐഎഎയ്ക്ക് സംഘാടകർ നല്‍കിയ മറുപടിയില്‍ പറയുന്നു. ജപ്പാനിലെത്തിയത് മുതല്‍ക്ക് തുടര്‍ച്ചയായി ഇന്ത്യന്‍ അത്‌ലറ്റുകളും ഒഫീഷ്യലുകളും ഒരാഴ്ചത്തേക്ക് കൊവിഡ് ടെസ്റ്റിന് വിധേയരാവണം.
മറ്റ് രാജ്യങ്ങളില്‍ നിന്നെത്തിയവരുമായി ഇടപഴുകരുത്. മത്സരങ്ങള്‍ ആരംഭിക്കുന്നതിന് അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമേ താരങ്ങൾക്ക് ഗെയിംസ് വില്ലേജിൽ പ്രവേശിക്കാവൂ തുടങ്ങിയ നിയന്ത്രണള്‍ക്കെതിരെയാണ് ഐഎഎ പ്രസിഡന്‍റ് നരീന്ദർ ബാത്ര, സെക്രട്ടറി ജനറൽ രാജീവ് മേത്ത എന്നിവര്‍ കത്തെഴുതിയിരുന്നത്.