ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സിന്‍റെ ഉദ്ഘാടന ചടങ്ങിന് മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ ഗെയിംസുമായി ബന്ധപ്പെട്ട കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ഒളിമ്പിക്‌സിൽ പങ്കെടുക്കാനുള്ള 67 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ടോക്കിയോ ഒളിമ്പിക്‌സിന്‍റെ നടത്തിപ്പിൽ കനത്ത ആശങ്കയാണ് ഉയരുന്നത്.
ടോക്കിയോയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തിങ്കളാഴ്‌ച രണ്ട് മെക്സിക്കൻ ബേസ്ബോൾ കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്. നേരത്തെ ഒളിമ്പിക്‌സ് പരിശീലന ക്യാമ്പിൽ അമേരിക്കയിൽ നിന്നുള്ള ഒരു വനിത ജിംനാസ്റ്റ് അംഗത്തിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചെക്ക് റിപ്പബ്ലിക്കിന്‍റെ ബീച്ച് വോളിബോൾ താരം ഒന്ദ്രെജ് പെറുസികിനും കൊവിഡ് സ്ഥിരീകരിച്ചു. ചെക്ക് റിപ്പബ്ലിക്ക് ടീമിലെ രണ്ടാമത്തെ താരത്തിനാണ് ഇതോടെ കൊവിഡ് സ്ഥിരീകരിക്കുന്നത്.