ലോസ് ഏഞ്ചല്‍സ്: ലോകത്തെ സവിശേഷമായ രീതിയില്‍ ഒരുമിച്ച് കൊണ്ടുവരാനുള്ള കഴിവ് ടോക്കിയോ ഒളിമ്പിക്‌സിന് ഉണ്ടെന്ന് 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സ് ചെയർമാൻ കേസി വാസ്‌മാൻ. കൊവിഡ് 19നെ തുടർന്ന് ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിവെച്ച പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടോക്കിയോ ഒളിമ്പിക്‌സ് ലോകത്തെ ഒന്നിപ്പിക്കുമെന്ന് കേസി വാസ്‌മാന്‍
കൊവിഡ് 19നെ തുടർന്ന് 2020ല്‍ നടക്കേണ്ടിയിരുന്ന ടോക്കിയോ ഒളിമ്പിക്‌സ് 2021 ജൂലൈ 23ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്
അടുത്ത വർഷം ഒളിമ്പിക്‌സ് നടക്കുന്നതിന് മുന്നോടിയായി ലോകത്ത് ആരോഗ്യരംഗത്ത് വലിയ കുതിപ്പ് ഉണ്ടായേക്കാം. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ടോക്കിയോ ഗെയിംസിലൂടെ ആഗോള ജനതയെ ഒരുമിപ്പിക്കാന്‍ കഴിയും. ഇതിലൂടെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ജനങ്ങളുടെ അഭിനിവേശം വർദ്ധിക്കുകയും ആളുകൾക്കിടയിലേക്ക് ഒളിമ്പിക് മൂല്യങ്ങൾ എത്തിക്കാന്‍ സാധിക്കുകയും ചെയ്യും. വാണിജ്യവല്‍ക്കരണത്തിന് അപ്പുറം ഒളിമ്പിക്‌സിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് കണ്ടെത്താനുള്ള അവസരമാണ് ഇപ്പോൾ ഉയർന്ന് വന്നതെന്നും കേസി വാസ്‌മാൻ കൂട്ടിച്ചേർത്തു. കൊവിഡ് 19നെ തുടർന്ന് ടോക്കിയോ ഒളിമ്പിക്‌സ് 2021 ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെ നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. 2028ല്‍ ലോസ് ഏഞ്ചല്‍സിലാണ് ഒളിമ്പിക്‌സ് നടക്കുക.