ടോക്കിയോ:കൊവിഡ് മഹാമാരിക്കിടെ ലോകത്തിന് പ്രതീക്ഷയുടെ കിരണമേകി ടോക്കിയോ ഒളിമ്പിക്‌സിന് തുടക്കമായി. ചരിത്രത്തിൽ ഏറ്റവുമധികം വെല്ലുവിളി നേരിട്ട ഒളിമ്പിക്‌സ് എന്ന ഖ്യാതിയോടെയാണ് ഇത്തവണത്തെ ഒളിമ്പിക്‌സിന് കൊടിയേറുന്നത്. ഇന്ത്യൻ സമയം വൈകുന്നേരം 4.30 നാണ് കായിക മാമാങ്കത്തിന് തുടക്കം കുറിച്ചത്.
ജപ്പാന്‍റെ പാരമ്പര്യവും സാങ്കേതിക വൈദഗ്ദ്യവും വിളിച്ചോതിയ ഉദ്ഘാടന ചടങ്ങിൽ ജപ്പാന്‍ ചക്രവര്‍ത്തി ഹിരോണോമിയ നരുഹിതോ മുഖ്യാതിഥിയായിരുന്നു. കൗണ്ട് ഡൗണ്‍ പൂര്‍ത്തിയായതോടെ ഒളിമ്പിക്‌സിന് തുടക്കമായെന്ന് ഹിരോണോമിയ നരുഹിതോ പ്രഖ്യാപിച്ചു. 2013ൽ ഒളിമ്പിക്‌സിന് ആതിഥ്യം അനുവദിച്ചതു മുതൽ ഇത് യാഥാർഥ്യമാകുന്നതു വരെ ജപ്പാൻ നേരിട്ട പ്രതിസന്ധികൾ വിവരിക്കുന്ന പ്രത്യേക വിഡിയോ പ്രദർശനവും ഉണ്ടായിരുന്നു.
ജാപ്പനീസ് അക്ഷരമാല ക്രമത്തിലാണ് മാർച്ച് പാസ്റ്റിൽ ടീമുകൾ അണിനിരന്നത്. 21–ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ 26 പേർ മാത്രമാണ് ഇന്ത്യൻ സംഘത്തിൽ നിന്ന് മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്. ആറ് തവണ ഇന്ത്യക്കായി ലോക കിരീടം നേടിയ മേരി കോമും, ഇന്ത്യ പുരുഷ ഹോക്കി ടീം നായകൻ മൻപ്രീത് സിങ്ങുമാണ് ഇന്ത്യക്കായി പതാകയേന്തിയത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടക്കേണ്ടിയിരുന്ന ഗെയിംസ് മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. 41 വേദികളിൽ 33 കായിക ഇനങ്ങളിലായി 339 മെഡൽ വിഭാഗങ്ങളിലാണ് താരങ്ങൾ മത്സരിക്കുക. ഇന്ത്യയ്ക്കു വേണ്ടി 18 കായിക ഇനങ്ങളിലായി 126 താരങ്ങൾ കളത്തിലിറങ്ങും. ഓഗസ്റ്റ് എട്ടിനാണ് ഒളിമ്പിക്‌സിന്‍റെ സമാപനം.
ALSO READ:ടോക്കിയോ ഒളിമ്പിക്‌സ്; അമ്പെയ്‌ത്തിൽ നിരാശപ്പെടുത്തി ഇന്ത്യ