ന്യൂഡല്‍ഹി: ഷൂട്ടിങ്ങിലെ ഇന്ത്യയുടെ പ്രതീക്ഷ മനു ഭേക്കര്‍ തോക്കും പേനയും ഉപയോഗിച്ചുള്ള പരീക്ഷണങ്ങളെ ഒരുമിച്ച് നേരിട്ടാണ് മുന്നേറുന്നത്. ടോക്കിയോ ഒളിമ്പിക്‌സിനുള്ള തയാറെടുപ്പുകള്‍ക്കൊപ്പം ഡിഗ്രി ലെവല്‍ പരീക്ഷ കൂടി എത്തിയതോടെയാണ് തോക്കേന്തിയ കൈകളില്‍ മനു പേനയെടുക്കാന്‍ തയാറെടുക്കുന്നത്.
ക്രൊയേഷ്യന്‍ തലസ്ഥാനമായ സാസ്‌ബര്‍ഗിലെ ഹോട്ടല്‍ മുറിയില്‍ ഇരുന്ന് ഇന്ത്യയുടെ ഒളിമ്പിക് പ്രതീക്ഷ പരീക്ഷയെ നേരിടും. ഷൂട്ടിങ്ങിനുള്ള തയാറെടുപ്പുകള്‍ക്കൊപ്പം പരീക്ഷ എഴുതാനുള്ള ഒരുക്കങ്ങളും ഈ 19കാരി പൂര്‍ത്തിയാക്കി കഴിഞ്ഞു. ഈ മാസം 18നാണ് പരീക്ഷ. മൂന്ന് ദിവസത്തിന് ശേഷം ഷൂട്ടിങ് ടൂര്‍ണമെന്‍റും നടക്കും. ഒളിമ്പിക്‌സിനായുള്ള തയാറെടുപ്പുകളുടെ ഭാഗമായായാണ് മനു സാസ്‌ബര്‍ഗിലെത്തിയത്. ടോക്കോയോ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട ഷൂട്ടിങ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനായിരുന്നു കൊവിഡ് കാലത്തും ഈ ദീര്‍ഘയാത്ര. പരീക്ഷ എഴുതിയ ശേഷം ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെ ഉത്തര കടലാസ് യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് അയച്ചുകൊടുക്കമെന്ന് മനു പറഞ്ഞു.