ടോക്കിയോ : ഒളിമ്പിക് വില്ലേജിലെയും പരിസരങ്ങളിലെയും പൊതു ഇടങ്ങളില്‍ മദ്യം അനുവദിക്കില്ല. കൊവിഡ് പശ്ചാത്തലത്തില്‍ ഗെയിംസ് സംഘാടകരുടെതാണ് തീരുമാനം. അതേസമയം അത്‌ലറ്റുകള്‍ക്കും പരിശീലകര്‍ക്കും ഗെയിംസ് വില്ലേജിലെ അവരവരുടെ റൂമിനുള്ളിലിരുന്ന് മദ്യപിക്കുന്നതിന് തടസമുണ്ടാകില്ല.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഈ മാസം അവസാനത്തോടെ ഉണ്ടാകുമെന്ന് സംഘാടകര്‍ പറഞ്ഞു. ഗെയിംസിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജപ്പാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡ് വ്യാപനം തടയുകയാണ് ലക്ഷ്യം.
കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ ഭക്ഷണ ശാലകളിലും മറ്റും മദ്യം വിളമ്പുന്നതിന് വിലക്കുണ്ട്. ഒളിമ്പിക്സ് ആരംഭിക്കുന്നതോടെ അത്‌ലറ്റുകളും പരിശീലകരും ഒളിമ്പിക് വില്ലേജിലും പരിസരത്തും മദ്യപിക്കുന്നത് പ്രകോപനം സൃഷ്‌ടിച്ചേക്കാമെന്ന സാഹചര്യത്തിലാണ് സംഘാടകരുടെ നീക്കം.