ഹൈദരാബാദ്:ഒളിമ്പിക് മെഡല്‍ പട്ടികയല്‍ സ്വന്തം പേര് എഴുതിച്ചേർത്ത ആദ്യ ഇന്ത്യന്‍ വനിതയാണ് കർണം മല്ലേശ്വരി. 2000-ത്തിലെ സിഡ്നി ഒളിമ്പിക്‌സില്‍ 69 കിലോ വിഭാഗത്തിലായിരുന്നു കർണം മല്ലേശ്വരിയുടെ ചരിത്ര നേട്ടം. എന്നാല്‍ ആ നേട്ടം ആവർത്തിക്കാന്‍ രാജ്യം പിന്നീട് ഒരു വ്യാഴവട്ടം കാത്തിരിക്കേണ്ടി വന്നു. 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ബാഡ്മിന്‍റണ്‍ താരം സൈന നെഹ്‌വാളും ബോക്‌സർ മേരി കോമും വെങ്കല മെഡല്‍ സ്വന്തമാക്കുന്നത് വരെ. അതിന്‍റെ തുടർച്ചയായി പിന്നീട് 2016-ലെ റിയോ ഒളിമ്പിക്സിലും ഇന്ത്യന്‍ വനിതകൾ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കി. ബാഡ്മിന്‍റണ്‍ താരം പിവി സിന്ധുവിലൂടെ വെള്ളി മെഡലും ഗുസ്‌തി താരം സാക്ഷി മാലിക്കിലൂടെ വെങ്കലമെഡലും റിയോയില്‍ ഇന്ത്യ സ്വന്തമാക്കി. തിരിഞ്ഞ് നോക്കുമ്പോൾ ഒന്നുറപ്പാക്കാം .കർണം മല്ലേശ്വരി 2000-ത്തില്‍ രാജ്യത്തിന്‍റെ ഒളിമ്പിക് ചരിത്രത്തില്‍ വനിതൾക്കായി പുതിയൊരു ഏട് തുറക്കുകയായിരുന്നു. ഇനിയും നേട്ടങ്ങൾ ആവർത്തിക്കാന്‍. ആ സുവർണ നേട്ടങ്ങൾക്കായി കാത്തിരിക്കുകയാണ് രാജ്യം.
1975 ജൂണ്‍ ഒന്നിന് ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് ജനിച്ച കർണം മല്ലേശ്വരി 12-ാം വയസില്‍ ഭാരദ്വഹനത്തില്‍ പരിശീലനം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ നല്ലംഷെട്ടി അപ്പണ്ണയുടെ നേതൃത്വത്തിലും പിന്നീട് രാജ്യാന്തര ഭാരദ്വഹകന്‍ കൂടിയായ ലിയോനിദ് ടൊറാനെല്‍കോയുടെ നേതൃത്വത്തിലും. സഹോദരിക്കൊപ്പം പരിശീലനത്തിന് എത്തിയ കർണം മല്ലേശ്വരിയുടെ പ്രതിഭ കണ്ടെത്തി പരിശീലിപ്പിക്കുകയായിരുന്നു ലിയോനിദ്.