ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഇറ്റാലിയൻ സീരി എയിലും ജേതാക്കളെ ഇന്നറിയാം. പ്രീമിയർ ലീഗിൽ വമ്പൻമാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും കിരീടപ്രതീക്ഷയിൽ അവസാന ദിനം ഹോം മത്സരങ്ങള്‍ക്ക് ഇറങ്ങുമ്പോൾ ഇറ്റലിയിൽ മിലാൻ ക്ലബ്ബുകളാണ് കിരീടപ്പോരാട്ടത്തിൽ മുന്നിലുള്ളത്. ഇന്നത്തെ മത്സരം ബാക്കി നിൽക്കെ 90 പോയിന്‍റുമായി ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് തൊട്ടുപിന്നിൽ 89 പോയിന്‍റുമായാണ് ലിവർപൂളിന്‍റെ സ്ഥാനം.
ഇന്ന് അവസാന മത്സരത്തിൽ ലിവർപൂൾ ആൻഫീൽഡിൽവച്ച് വോൾവ്സിനെയും മാഞ്ചസ്റ്റർ സിറ്റി ഇത്തിഹാദ് സ്റ്റേഡിയത്തിൽ ആസ്റ്റൺ വില്ലയെയും നേരിടും. സീസണിലെ അവസാന റൗണ്ടായതിനാല്‍ എല്ലാ കളികളും രാത്രി 8.30 നാണ്. വിജയം സിറ്റിക്ക് കിരീടം ഉറപ്പ് നൽകും. വില്ലയ്‌ക്കെതിരെ സിറ്റി ജയിക്കാതിരിക്കുകയും ലിവർപൂൾ വോൾവ്സിനെതിരെ ജയിക്കുകയും ചെയ്‌താൽ കപ്പ് ലിവർപൂളിലെത്തും. സിറ്റിക്ക് ലിവർപൂളിനേക്കാൾ ഏറെ മെച്ചപ്പെട്ട ഗോൾ വ്യത്യാസം ഉള്ളതിനാൾ ഇരുടീമുകളും ഒരേ പോയിന്‍റിൽ എത്തുകയാണെങ്കിലും കിരീടം ഇത്തിഹാദിലെത്തും.
ഇത്തിഹാദിൽ ഇന്ന് മുൻ നായകൻ സ്റ്റീവൻ ജെറാർദ് തങ്ങളുടെ ‘രക്ഷകനാ’യി അവതരിക്കുമെന്നും ലിവർപൂളിന് ഇരുപതാം ലീഗ് കിരീടം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ലിവർപൂൾ ആരാധകർ. ഇന്ന് കിരീടം സ്വന്തമാക്കാനായില്ലെങ്കിൽ ലിവർപൂളിന്‍റെ ക്വാഡ്രപിൾ (സീസണിൽ നാല് കിരീടം) സ്വപ്‌നത്തിനും വലിയ തിരിച്ചടിയാകും.