ദോഹ: ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിയാലും ഒരു മത്സരത്തില്‍ പോലും കളിക്കാനാവാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്ന ഒട്ടേറെ താരങ്ങളുണ്ട്. എന്നാല്‍ ഇത്തവണത്തെ ബ്രസീല്‍ ടീമിലെ ഒരു താരത്തിനും ഈ ദുര്‍ഗതിയുണ്ടാവില്ല. കാരണം ഇതിനകം തന്നെ ഖത്തറില്‍ ലോകകപ്പിനെത്തിയ 26 താരങ്ങള്‍ക്കും പരിശീലകന്‍ ടിറ്റെ അവസരം നല്‍കി കഴിഞ്ഞു.
ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു പരിശീലകന്‍ തന്‍റെ സ്‌ക്വാഡിലെ മുഴുവന്‍ താരങ്ങളേയും കളിപ്പിക്കുന്നത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ കാമറൂണിനെതിരെയാണ് അതുവരെ കളത്തിലിറങ്ങാതിരുന്ന കൂടുതല്‍ താരങ്ങള്‍ക്ക് ടിറ്റെ അവസരം നല്‍കിയത്. പ്ലേയിങ് ഇലവനില്‍ ഒമ്പത് മാറ്റങ്ങളുമായി കളിച്ച ബ്രസീല്‍ തോറ്റെങ്കിലും സ്‌ക്വാഡിന്‍റെ ശക്തി തെളിയിക്കുന്ന തീരുമാനമായിരുന്നുവിത്.
എന്നാല്‍ ദക്ഷിണ കൊറിയയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടറിന്‍റെ 80-ാം മിനിട്ടിലാണ് ചരിത്രം പിറക്കുന്നത്. തങ്ങളുടെ പ്രധാന ഗോളി അലിസൺ ബെക്കറിനെ തിരിച്ച് വിളിച്ച ടിറ്റെ മൂന്നാം ഗോള്‍ കീപ്പറായി ടീമിലെത്തിയ വെവർട്ടൺ പെരേര ഡ സിൽവയെ കളത്തിലിറക്കുകയായിരുന്നു. ഈ സമയം 4-1ന് മുന്നിലായിരുന്നു ബ്രസീല്‍.
ശേഷിച്ച സമയത്ത് ഗോള്‍ വഴങ്ങാതിരുന്ന വെവേര്‍ട്ടണ്‍ പരിശീലകന്‍റെ ആത്മവിശ്വാസം കാക്കുകയും ചെയ്‌തു. കാമറൂണിനെതിരെ ടീമിലെ രണ്ടാം ഗോളിയായ എഡേഴ്‌സണാണ് കാനറികളുടെ ഗോൾ വല കാത്തത്.