ക്വാലാലംപൂര്‍: തോമസ് കപ്പ് ബാഡ്‌മിന്‍റണില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പുരുഷ ടീം. നിര്‍ണ്ണായക മത്സരത്തിൽ മലയാളി താരം എച്ച് എസ് പ്രണോയ് വിജയം നേടിയ ആവേശജയത്തിന്‍റെ കരുത്തില്‍ മലേഷ്യയെ 3-2ന് തോല്‍പ്പിച്ച് സെമിയിലെത്തിയ ഇന്ത്യന്‍ പുരുഷ ടീം തോമസ് കപ്പില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പിച്ചു. അഞ്ച് തവണ ചാമ്പ്യന്‍മാരായ മലേഷ്യയെ തകര്‍ത്താണ് ഇന്ത്യ 1979നുശേഷം ആദ്യമായി സെമിയിലെത്തിയത്.
2-2 സമനിലയില്‍ നിന്ന് പോരാട്ടത്തിനുശേഷം നിര്‍ണായക പോരാട്ടത്തില്‍ മലയാളി താരം എച്ച് എസ് പ്രണോയ് മലേഷ്യയുടെ ലിയോങ് ജുന്നിനെ തോല്‍പ്പിച്ചതാണ് ഇന്ത്യയുടെ ചരിത്രനേട്ടത്തില്‍ നിര്‍ണായകമായത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു പ്രണോയിയുടെ വിജയം. സ്കോര്‍ 21-3, 21-18. തോമസ് കപ്പില്‍ ഇന്ത്യ ഇതുവരെ മെഡല്‍ നേടിയിട്ടില്ല.
2014ലും 2016ലും യൂബര്‍ കപ്പില്‍ ഇന്ത്യന്‍ വനിതാ ടീം വെങ്കലം നേടിയതാണ് ടീം ഇനത്തില്‍ ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച നേട്ടം. യൂബര്‍ കപ്പില്‍ പി വി സിന്ധുവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ വനിതാ ടീം 0-3ന് തോറ്റ് പുറത്തായതിന് തൊട്ടുപിന്നാലെയാണ് പുരുഷ വിഭാഗത്തില്‍ തോമസ് കപ്പില്‍ ടീം ഇനത്തില്‍ ഇന്ത്യയുടെ ചരിത്രനേട്ടം.