ഭുവനേശ്വർ: അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന എഫ്‌ഐഎച്ച് സീനിയർ പുരുഷ ഹോക്കി ലോകകപ്പ് മത്സരങ്ങളുടെ ഗ്രൂപ്പ് നിര്‍ണയം പൂർത്തിയായി. പൂൾ ഡിയിൽ ഇംഗ്ലണ്ട്, സ്പെയിൻ, വെയിൽസ് എന്നീ ടീമുകൾക്കൊപ്പമാണ് ആതിഥേയരായ ഇന്ത്യയുടെ സ്ഥാനം. 2023 ജനുവരി 13 മുതൽ 29 വരെ ഭുവനേശ്വറിലും റൂർക്കേലയിലുമായാണ് പുരുഷ ഹോക്കി ലോകകപ്പ് നടക്കുന്നത്.
ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവായ ഇന്ത്യയും ഇംഗ്ലണ്ടും സമീപകാലത്ത് ഒരുപാട് മത്സരങ്ങളിൽ നേർക്കുനേർ പോരാട്ടം വന്നിട്ടുണ്ട്. ഏറ്റവും അവസാനമായി ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ നടന്ന മത്സരം 4-4 സമനിലയിലാണ് പിരിഞ്ഞത്. രണ്ട് ഗോളുകൾക്ക് പിന്നിലായ ഇംഗ്ലണ്ട് അവസാന മിനുറ്റുകളിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് സമനില സ്വന്തമാക്കിയത്.
പൂൾ എയിൽ ഓസ്‌ട്രേലിയ, അർജന്‍റീന, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക എന്നിവ ഉൾപ്പെടുന്നു. പൂൾ ബിയിൽ നിലവിലെ ലോക, ഒളിമ്പിക് ചാമ്പ്യൻമാരായ ബെൽജിയം, യൂറോപ്യൻ പവർഹൗസ് ജർമ്മനി, ദക്ഷിണ കൊറിയ, ഏഷ്യൻ ഗെയിംസ് ജേതാവ് ജപ്പാൻ എന്നിവരുമാണ് ഉൾപ്പെട്ടിട്ടുള്ളത്. പൂൾ സിയിൽ ലോക മൂന്നാം സ്ഥാനക്കാരായ നെതർലൻഡ്‌സ്, ന്യൂസിലൻഡ്, മലേഷ്യ, ചിലി എന്നിവരുമായി പോരാടും
ബെൽജിയം, ജർമ്മനി, കൊറിയ, ജപ്പാൻ എന്നിവ ഉൾപ്പെടുന്ന പൂൾ ബിയിലാണ് കടുത്ത പോരാട്ടങ്ങൾ നടക്കുക. കരുത്തരായ ബെൽജിയവും ജർമ്മനിയും ഈ പൂളിൽ നിന്നുള്ള ആദ്യ രണ്ട് ടീമുകളായി ക്വാർട്ടറിലേക്ക് യോഗ്യത നേടുമെന്നാണ് വിലയിരുത്തൽ. എങ്കിലും ഏഷ്യൻ ശക്‌തികളായ കൊറിയയ്ക്കും ജപ്പാനും ഈ ടീമുകൾക്ക് വെല്ലുവിളി ഉയർത്തിയേക്കും. മലേഷ്യ, ചിലി എന്നീ ടീമുകൾക്ക് പുറമെ ന്യൂസിലൻഡുമായും നെതർലൻഡ്‌സിന് മത്സരിക്കേണ്ടി വരുന്നതിനാൽ പൂൾ സിയാണ് ഏറ്റവും എളുപ്പമുള്ളതായി കാണുന്നത്.
ഒഡീഷ ആതിഥേയത്വം വഹിക്കുന്ന തുടർച്ചയായ രണ്ടാം ലോകകപ്പാണിത്. 2018 ൽ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് അവസാന പുരുഷ ഹോക്കി ലോകകപ്പ് നടന്നത്. 1982ലെ മുംബൈയിലും 2010ൽ ന്യൂഡൽഹിയിലും നടന്ന ലോകകപ്പിന് ശേഷം ഇന്ത്യയിൽ നടക്കുന്ന നാലാമത്തെ ലോകകപ്പാണിത്.