ലോകഫുട്‌ബോളിനെ ത്രസിപ്പിക്കുകയാണ് അലജാന്ദ്രോ ഗർനാച്ചോ എന്ന അർജന്‍റീനൻ വണ്ടർകിഡ്. വരുംകാല ഫുട്‌ബോളർമാരിൽ തന്‍റെ പേരും എഴുതപ്പെടുന്ന തരത്തിലുള്ള പ്രകടനമാണ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗർനാച്ചോ പുറത്തെടുക്കുന്നത്. ജോർജ് ബെസ്റ്റ്, റയാൻ ഗിഗ്‌സ്, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങി യുണൈറ്റഡ് ആരാധകഹൃദയങ്ങളിൽ ഇടംപിടിച്ച വിങ്ങർമാരുടെ നിരയിലാണ് അരങ്ങേറ്റ സീസണിൽ തന്നെ ഗർനാച്ചോ ഇടംപിടിച്ചിരിക്കുന്നത്.
2022ൽ എഫ്‌എ യൂത്ത് കപ്പ് ജേതാക്കളായ മാഞ്ചസ്റ്റർ യുണൈറ്റഡ് അണ്ടർ - 18 ടീമിന്‍റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത് ഗർനാച്ചോയായിരുന്നു. ഈ പ്രകടനം യുണൈറ്റഡിന്‍റെ സീനിയർ ടീം അരങ്ങേറ്റം വരയെത്തിച്ചു. യുണൈറ്റഡിനായി 29 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ഈ വിങ്ങർ നാല് ഗോളുകളും ആറ് അസിസ്റ്റുകളും നൽകിയിട്ടുണ്ട്.
ഗർനാച്ചോ എന്ന വിങ്ങറുടെ ഉയർച്ച വളരെ ശ്രദ്ധേയമാണ്.. 2004-ലോ അതിനു ശേഷമോ ജനിച്ച ലോകത്തിലെ ഏറ്റവും മികച്ച ഒമ്പത് (NXGN Nine 2023) കൗമാരതാരങ്ങളിൽ ഒരാളായി ഗർനാച്ചോ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 16 വയസില്‍ ക്ലബിന്‍റെ ശ്രദ്ധ നേടിയത് മുതൽ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ മാച്ച് വിന്നർ വരെയായി എത്തിനിൽക്കുന്ന ഗർനാച്ചോയുടെ ഉയർച്ചയുടെ ഘട്ടങ്ങൾ പരിശോധിക്കാം..
ചെകുത്താൻമാരുടെ ഹൃദയം കവർന്ന്; 18-കാരനായ ഗർനാച്ചോ ഇതിനകം യുണൈറ്റഡ് ആരാധകരുമായി ഒരു പ്രത്യേക ബന്ധം സ്ഥാപിച്ചിട്ടുണ്ട്. യുണൈറ്റഡ് ആരാധകർക്ക് ഏറെ പരിചിതമായ 'വിവ റൊണാൾഡോ' എന്ന് തുടങ്ങുന്ന ഫുട്‌ബോൾ ചാന്‍റ് ( Football chant) ഇപ്പോൾ ഗർനാച്ചോയുടെ പേരിലാണ്. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതിന് ഗർനാച്ചോ അവരുടെ പുതിയ ആരാധനാപാത്രമായി മാറിയെന്ന് ഇത് വ്യക്തമാക്കുന്നു.
വിങ്ങുകളിലെ ചടുലനീക്കങ്ങൾ: അത്‌ലറ്റിക്കോ മാഡ്രിഡ് അക്കാദമിയിൽ പേരെടുത്ത ശേഷം സ്‌പാനിഷ് ഏജന്‍റായ ജെറാർഡോ ഗുസ്മാൻ ഗാർനാച്ചോയെ യുണൈറ്റഡിലേക്ക് ശുപാർശ ചെയ്യുകയായിരുന്നു. താരത്തിന്‍റെ കഴിവിൽ ആകൃഷ്‌ടരായ മാനേജ്മെന്‍റ് വിങ്ങറെ ടീമിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. വേഗം കൊണ്ട് വിസ്‌മയിപ്പിക്കുന്ന താരം വൺ - ടു - വൺ പാസുകൾ കളിക്കുന്നതിലും പ്രഗത്ഭനാണ്.
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ 16കാരനായ താരത്തിന്‍റെ ക്ലബ് മാറ്റം കൂടുതൽ ബുദ്ധിമുട്ടായിരുന്നു. എങ്കിലും തന്‍റെ കരിയർ മികച്ച രീതിയിലേക്ക് എത്തിക്കുന്നതിനായുള്ള ദൃഢനിശ്ചയം കൂടുമാറ്റം സാധ്യമാക്കി. അതോടൊപ്പം തന്നെ പ്രീമിയർ ലീഗ് പോലെയുള്ള മികച്ച നിലവാരമുള്ള ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളത്തിലിറങ്ങാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു. ഗർനാച്ചോയുടെ ടീം മാറ്റത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമി മാനേജറായ നിക് കോക്‌സ് വ്യക്‌തമാക്കി.
യുണൈറ്റഡുമായി കരാറിലെത്തിയ ഗാർനാച്ചോ 2020 സെപ്‌റ്റംബറിൽ ടീമിനൊപ്പം ചേർന്നു. എന്നാൽ മാഞ്ചസ്റ്ററിൽ കൊവിഡ് നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്നതിനാൽ ആദ്യ വർഷത്തിന്‍റെ ഭൂരിഭാഗവും പ്രതിദിനം 75 മിനിറ്റ് മാത്രമേ പരിശീലനം ചെയ്യാനാകുമായിരുന്നുള്ളു. 'അവൻ ഇവിടെ ഒരു സ്ലോ സ്റ്റാർട്ടറായിരുന്നു. ആദ്യ വർഷത്തിൽ താരത്തിന്‍റെ മികവ് കണ്ടെത്തുന്നതിൽ കൂടുതൽ സമയമെടുത്തു. രണ്ടാം വർഷമാണ് അവൻ ശരിക്കും മികവ് പുറത്തെടുത്തത്. കാരണം, ഇത്രയും ചെറിയ പ്രായത്തിൽ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കൂടുതൽ സമയം ആവശ്യമായിരുന്നു' - കോക്‌സ് വ്യക്‌തമാക്കി.