വാഷിങ്‌ടണ്‍ : അമ്മയായ സന്തോഷം പങ്കുവച്ച് മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം മരിയ ഷറപ്പോവ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താന്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി ഷറപ്പോവ അറിയിച്ചത്. 'ഞങ്ങളുടെ കൊച്ചുകുടുംബത്തിന് ലഭിച്ച ഏറ്റവും മനോഹരവും വെല്ലുവിളി നിറഞ്ഞതുമായ സമ്മാനം' എന്നെഴുതിക്കൊണ്ട് കുഞ്ഞിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
'ഏറ്റവും മനോഹരവും വെല്ലുവിളി നിറഞ്ഞതുമായ സമ്മാനം' ; ആദ്യ കുഞ്ഞിനെ പരിചയപ്പെടുത്തി ഷറപ്പോവ - മരിയ ഷറപ്പോവ അമ്മയായി
തന്‍റെ ആദ്യ കുഞ്ഞിന് 35ാം വയസില്‍ ജന്മം നല്‍കി റഷ്യന്‍ ടെന്നിസ് താരം ഷറപ്പോവ
ജൂലൈ 1നാണ് തിയോഡോർ ജനിച്ചതെന്ന് റോമൻ അക്കങ്ങളിൽ ഷറപ്പോവ കുറിച്ചു. 35 കാരിയായ ഷറപ്പോവയുടേയും 42കാരനായ പങ്കാളി അലക്‌സാണ്ടര്‍ ജില്‍ക്‌സാണിന്‍റെയും ആദ്യ കുഞ്ഞാണിത്. 2018 മുതൽ ഡേറ്റ് ചെയ്യുന്ന ഇരുവരും 2020 ഡിസംബറിൽ വിവാഹനിശ്ചയം നടത്തിയിരുന്നു. താന്‍ ഗര്‍ഭിണിയാണെന്ന വിവരം കഴിഞ്ഞ ഏപ്രിലില്‍ ഷറപ്പോവ ആരാധകരെ അറിയിച്ചു.
അഞ്ച് തവണ ഗ്രാന്‍ഡ്സ്ലാം കിരീടം ചൂടിയ റഷ്യന്‍ താരം 2020ലാണ് ടെന്നിസില്‍ നിന്ന് വിരമിച്ചത്. തന്‍റെ 17ാം വയസ്സിലാണ് (2004ല്‍) ഷറപ്പോവ ആദ്യ വിംബിള്‍ഡണ്‍ നേടിയത്. തുടര്‍ന്ന് യുഎസ് ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളും നേടി. ഇതിനിടെ പരിക്കും താരത്തെ വലച്ചിരുന്നു. 1994 മുതല്‍ യുഎസിലാണ് ഷറപ്പോവ താമസിക്കുന്നത്.