ന്യൂഡൽഹി : ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയ്ക്ക് നന്ദിയറിയിച്ച് സ്വിസ് ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍. ഫെഡററുടെ വിരമിക്കലുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ കോലി ഒരു ആശംസാവീഡിയോ പങ്കുവച്ചിരുന്നു. ആശംസ അറിയിച്ചതിനാണ് ഫെഡറര്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തിനോടുള്ള നന്ദി അറിയിച്ചത്. ഇന്ത്യയിലേക്ക് ഉടൻ വരാൻ ആഗ്രഹിക്കുന്നുവെന്ന് ഫെഡറർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഫെഡററുടെ കടുത്ത ആരാധകനായ കോലിയുടെ ആശംസാവീഡിയോ എ.ടി.പി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ആരാധകർക്കിടയിൽ ഈ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. 2018 ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വെച്ച് ഫെഡററെ പരിചയപ്പെടാന്‍ സാധിച്ചതിന്റെ സന്തോഷവും കോലി വീഡിയോയിലൂടെ പങ്കുവച്ചിരുന്നു.
കോലിയ്ക്ക് നന്ദിയറിയിച്ച് സ്വിസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ 'നിങ്ങളുടെ മത്സരത്തിന് ദൃക്‌സാക്ഷിയായതോടെ പല കായിക താരങ്ങളിൽ നിന്നും വ്യത്യസ്തമായി തോന്നിയത് ലോകമെമ്പാടുമുള്ള ആരാധകരെയാണ്. ടെന്നിസ് ആരാധകർ മാത്രമല്ല ലോകമെമ്പാടുമുള്ള നിരവധി ആളുകളാണ് നിങ്ങളുടെ വിജയത്തിനായി കാത്തിരിക്കുന്നത്. മറ്റൊരു കായിക താരത്തിനും അവകാശപ്പെടാനില്ലാത്തതും അത്രയും ഒരു ഐക്യമാണ് കാണാനായത്' - ആശംസാവീഡിയോയിൽ വിരാട് കോലി കൂട്ടിച്ചേർത്തു.
24 വർഷത്തെ ഐതിഹാസിക കരിയറിൽ 20 ഗ്രാന്‍ഡ്സ്ലാം അടക്കം 103 കിരീടങ്ങള്‍ നേടിക്കൊണ്ടാണ് ഫെഡറര്‍ ടെന്നിസ് കരിയര്‍ അവസാനിപ്പിച്ചത്. ലേവര്‍ കപ്പിലൂടെയാണ് സ്വിസ്സ് ഇതിഹാസം വിടവാങ്ങിയത്. മത്സരത്തില്‍ കോർട്ടിലെ പ്രധാന എതിരാളിയും പ്രിയ സുഹൃത്തുമായ റാഫേല്‍ നദാലിനൊപ്പം ഡബിള്‍സ് പോരാട്ടത്തിനായി ഇറങ്ങിയ ഫെഡറര്‍ തോല്‍വിയോടെയാണ് കളം വിട്ടത്.
രണ്ടര പതിറ്റാണ്ടോളം നീണ്ട അതിശയകരമായ കരിയറിൽ 1526 മത്സരങ്ങളിലാണ് 41 കാരനായ ഫെഡറർ റാക്കറ്റേന്തിയത്. ഇതിൽ എട്ട് വിംബിൾഡണ്‍ കിരീടങ്ങൾ ഉൾപ്പടെ 20 എണ്ണം ഫെഡറർ തന്‍റെ പേരിൽ കുറിച്ചു. 2003ൽ ആദ്യ വിംബിൾഡണ്‍ നേടി പോരാട്ടം ആരംഭിച്ച ഫെഡറർ ആധുനിക ടെന്നിസിൽ 20 ഗ്രാൻഡ് സ്ലാം കുറിക്കുന്ന ആദ്യ താരം എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.
2004 മുതൽ 2010 വരെ ടെന്നിസ് ലോകം ഫെഡറർക്ക് കീഴിലായിരുന്നുവെന്ന് തന്നെ പറയാം. 237 ആഴ്‌ച തുടർച്ചയായി ഒന്നാം റാങ്കിൽ. ആ കാലഘട്ടത്തിൽ 19ൽ 18 ഗ്രാൻഡ് സ്ലാം ടൂർണമെന്‍റുകളുടെയും ഫൈനലിലെത്തി. അതിൽ 12ലും കിരീടം. 2009ൽ കരിയറിലെ ഒരേയൊരു ഫ്രഞ്ച് ഓപ്പൺ കിരീടവും നേടി കരിയർ ഗ്രാൻഡ് സ്ലാമും പൂർത്തിയാക്കി.