ന്യൂഡൽഹി : ഇന്ത്യയുടെ ഒളിമ്പിക്‌സ് സംഘത്തിന് ആശംസകൾ നേർന്ന് ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. കൊവിഡ് വെല്ലുവിളികൾക്കിടയിലും മികച്ച രീതിയിൽ പരിശീലനം പൂർത്തിയാക്കാൻ സാധിച്ചതിലും സച്ചിൻ ഒളിമ്പിക്‌സ് സംഘത്തെ പ്രശംസിച്ചു.
കൊവിഡ് വ്യാപനം മൂലം ഒരു വർഷം വൈകിയെത്തുന്ന ഒളിമ്പിക്‌സിനായി ഇന്ത്യയിൽ നിന്നുള്ള നൂറിലധികം അത്ലറ്റുകൾ യോഗ്യത നേടിയിട്ടുണ്ട്. ടോക്കിയോയില്‍ ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം തന്നെ കാഴ്‌ചവയ്ക്കുമെന്ന് തനിക്ക് ഉറപ്പാണെന്നും സച്ചിൻ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
Also Read:ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യന്‍ അത്‌ലറ്റിക്‌സ് സംഘമായി; ടീമില്‍ ഏഴ് മലയാളികള്‍
വർഷങ്ങളായി വിജയ നിമിഷത്തിനായി കഠിനാധ്വാനം ചെയ്യുന്നവരാണ് ഒളിമ്പിക്‌സിന് ഇന്ത്യയിൽ നിന്നും യോഗ്യത നേടിയ ഓരോരുത്തരുമെന്നും അവർക്ക് നമ്മുടെ എല്ലാവിധ പിന്തുണയും നൽകാമെന്നും സച്ചിൻ കൂട്ടിച്ചേർത്തു.
ടോക്കിയോ ഒളിമ്പിക്‌സിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ ഹോക്കി ക്യാപ്റ്റൻ മൻപ്രീത് സിംഗ്, ലണ്ടൻ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് എംസി മേരി കോം എന്നിവരാണ് ഇന്ത്യയുടെ പതാകവാഹകർ. അതേസമയം, ഓഗസ്റ്റ് എട്ടിലെ സമാപനച്ചടങ്ങിൽ ഗുസ്‌തി താരം ബജ്‌റംഗ് പുനിയയെ രാജ്യത്തിന്‍റെ പതാകവാഹകനായും തെരഞ്ഞെടുത്തിട്ടുണ്ട്.