ന്യൂഡല്‍ഹി:രാജ്യത്തെ കായിക താരങ്ങള്‍ക്ക് വേണ്ട ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ സര്‍ക്കാരിനെ സഹായിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് സച്ചിന്‍ തെണ്ടുല്‍ക്കറും ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദും പുറത്ത്. സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും ഒഴിവാക്കിയത്. ഗുസ്‌തി താരമായ യോഗേശ്വര്‍ ദത്ത്, പാരലിംപിക്‌സ് താരം ദീപ മാലിക് എന്നിവരാണ് സമിതിയിലെ പുതുമുഖങ്ങള്‍.
ഓള്‍ ഇന്ത്യാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു; സച്ചിനും ആനന്ദും പുറത്ത്
സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിന്‍ തെണ്ടുല്‍ക്കറിനെയും ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിനെയും ഒഴിവാക്കിയത്.
സമിതിയുടെ കാലാവധി മൂന്ന് വര്‍ഷത്തേക്കായി പുനര്‍നിര്‍ണയിച്ചിട്ടുണ്ട്. സര്‍ബാനന്ദ സോനോവാള്‍ കായിക മന്ത്രിയായിരിക്കെ 2015ലാണ് ഓള്‍ ഇന്ത്യാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് രൂപം നല്‍കിയത്. വി.കെ മല്‍ഹോത്രയാണ് നിലവില്‍ കൗണ്‍സില്‍ പ്രസിഡന്‍റ്. ഷൂട്ടിങ് താരം അഞ്ജലി ഭാഗ്‌വത്, ഫുട്ബോള്‍ താരം റെനെഡെ സിങ്, പര്‍വതാരോഹകന്‍ ബചേന്ദ്രി പാല്‍, ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്ത ചിലരെ പുറത്താക്കിയിട്ടുണ്ടെന്നും പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്‍റ് മല്‍ഹോത്ര അറിയിച്ചു. കേന്ദ്ര കായിക മന്ത്രാലയം തയാറാക്കിയ പട്ടിക ഇന്നാണ് കിട്ടിയതെന്നും പട്ടിക സംബന്ധിച്ച് മന്ത്രാലയവുമായി വരും ദിവസങ്ങളില്‍ കൂടികാഴ്‌ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുഞ്ചറാണി ദേവി, ഫുട്ബോള്‍ താരങ്ങളായ ഐ.എം വിജയന്‍, ബൈച്ചൂങ് ബൂട്ടിയ, ബാഡ്‌മിന്‍റണ്‍ പരിശീലകന്‍ പുല്ലേല ഗോപിചന്ദ്, സ്റ്റാര്‍ ഇന്ത്യ സിഇഒ ഉദയ് ശങ്കര്‍ എന്നിവരെയും സമിതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.