ബര്‍മിങ്ഹാം : കോമണ്‍വെല്‍ത്ത് ഗെയിംസ് ഹൈജംപ് ചരിത്രത്തിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ സമ്മാനിച്ച് തേജസ്വിൻ ശങ്കർ. പുരുഷൻമാരുടെ ഹൈജംപിലാണ് തേജസ്വിൻ വെങ്കലം സ്വന്തമാക്കിയത്. 2.22 മീറ്റര്‍ ചാടിയാണ് തേജ്വസിന്‍റെ നേട്ടം.
2.25 മീറ്റർ ചാടിയ ന്യൂസിലാൻഡിന്‍റെ ഹാമിഷ് കേര്‍ സ്വര്‍ണവും ഓസ്‌ട്രേലിയയുടെ ബ്രാൻഡൻ സ്റ്റാര്‍ക്ക് വെള്ളിയും നേടി. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മിച്ചൽ സ്റ്റാര്‍ക്കിന്‍റെ സഹോദരനാണ് ബ്രാൻഡൻ സ്റ്റാര്‍ക്ക്.
ബോക്‌സിങ്ങില്‍ ഒരു മെഡൽ കൂടി : ബോക്‌സിങിൽ ഇന്ത്യ ഒരു മെഡൽ കൂടി ഉറപ്പിച്ചു. വനിതകളുടെ 48 കിലോ വിഭാഗത്തിൽ ലോകചാമ്പ്യൻ നിഖാത്ത് സരിൻ ജയത്തോടെ സെമിയിലെത്തി. ക്വാർട്ടറിൽ വെയിൽസിന്‍റെ ഹെലെൻ ജോണ്‍സിനെ 5-0നാണ് നിഖാത്ത് തോൽപ്പിച്ചത്. ശനിയാഴ്‌ച ( ഓഗസ്റ്റ് 6) സെമിയിൽ കനേഡിയൻ താരമാണ് നിഖാത്ത് സരിന്‍റെ എതിരാളി.
ALSO READ:CWG 2022 | സ്‌ക്വാഷിൽ ഇന്ത്യക്ക് ചരിത്ര നേട്ടം സമ്മാനിച്ച് സൗരവ് ഘോഷാൽ, ജൂഡോയിൽ തുലിക മാനിന് വെള്ളി
അതേസമയം ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് ലവ്‌ലിന ബോര്‍ഗോഹെയിൻ ക്വാര്‍ട്ടറിൽ തോറ്റ് പുറത്തായി. വെയിൽസിന്‍റെ റോസി എക്കൽസിനോട് 3-2നായിരുന്നു ലവ്‌ലിനയുടെ തോൽവി. പുരുഷന്മാരുടെ 75 കിലോ വിഭാഗത്തിൽ ആശിഷ് കുമാറിനും സെമിയിൽ എത്താനായില്ല. ആശിഷ് ഇംഗ്ലണ്ടിന്‍റെ ആരോണ്‍ ബൗണിനോടാണ് തോറ്റത്.