ദോഹ:ഖത്തര്‍ ലോകകപ്പിലെ ഫൈനലില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് ഫ്രാന്‍സിനെ അര്‍ജന്‍റീന കീഴടക്കിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി സമനില പാലിച്ചതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയിയെ നിശ്ചയിച്ചത്. മത്സരത്തില്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയ നായകന്‍ ലയണല്‍ മെസിയുടെ പ്രകടനം അര്‍ജന്‍റീനയ്‌ക്ക് നിര്‍ണായകമായിരുന്നു.
ആദ്യ പകുതിയിൽ ഏയ്ഞ്ചൽ ഡി മരിയയെ ബോക്‌സില്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലാണ് മെസി ഒന്നാം ഗോള്‍ നേടിയത്. പിന്നീട് അധിക സമയത്താണ് മെസി വീണ്ടും വലകുലുക്കിയത്. ഫ്രാൻസ് ഗോൾ കീപ്പർ ഹ്യൂഗോ ലോറിസിന്‍റെ ഒരു രക്ഷപ്പെടുത്തലിൽ നിന്നും ലഭിച്ച പന്ത് മെസി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
എന്നാല്‍ ഈ ഗോളിനെച്ചൊല്ലി വലിയ വിവാദമുയര്‍ന്നിരുന്നു. ഈ ഗോള്‍ അനുവദിക്കാന്‍ പാടില്ലെന്നാണ് ചിലര്‍ വാദിച്ചത്. മെസി ഈ ഗോൾ പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ അർജന്‍റീനയുടെ രണ്ട് സബ്സ്റ്റിറ്റ്യൂട്ട് താരങ്ങൾ മൈതാനത്തേക്ക് പ്രവേശിച്ചുവെന്നാണ് ഇതിന് കാരണമായി ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടിയത്.