കേരളം

kerala

ETV Bharat / sports

24 വർഷം, 41-ാം വയസില്‍ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് കളി നിർത്തി; 'അഹങ്കാരി, അച്ചടക്കമില്ലാത്തൻ' പറഞ്ഞതൊക്കെ ആര് തിരിച്ചെടുക്കും... - മാൽമോ എഫ്‌എഫ്

1999ൽ മാൽമോ എഫ്‌എഫിനൊപ്പം കരിയർ ആരംഭിച്ച സ്ലാട്ടൻ ഇബ്രാഹിമോവിച്ച് നീണ്ട 24 വർഷമാണ് വിവിധ ക്ലബുകൾക്കായി പന്ത് തട്ടിയത്. ഇക്കാലയളവിൽ മികച്ച രീതിയില്‍ ഫുട്‌ബോൾ കളിച്ചിട്ടും അഹങ്കാരിയെന്നും അച്ചടക്കമില്ലാത്തവനെന്നുമാണ് ലോകം വാഴ്‌ത്തിത്. നേട്ടങ്ങളുടെ പട്ടികയിൽ അമ്പരപ്പിക്കുന്ന കണക്കുകൾ കൂട്ടിച്ചേർത്ത്, ഫുട്‌ബോളിലെ പ്രായം തളർത്താത്ത പോരാളിയായിരുന്നു സ്ലാട്ടൻ.

സ്വീഡിഷ് ഫുട്‌ബോൾ ഇതിഹാസം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്
സ്വീഡിഷ് ഫുട്‌ബോൾ ഇതിഹാസം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്

By

Published : Jun 5, 2023, 9:54 AM IST

Updated : Jun 5, 2023, 11:16 AM IST

മിലാൻ : സ്വീഡിഷ് ഫുട്‌ബോൾ ഇതിഹാസം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് സജീവ ഫുട്‌ബോളിൽ നിന്നും വിരമിച്ചു. 24 വർഷത്തെ പ്രൊഫഷണൽ ഫുട്‌ബോൾ കരിയറിനാണ് വിരാമമാകുന്നത്. ഇറ്റാലിയൻ ലീഗിൽ ഹെല്ലസ് വെറോണയ്‌ക്കെതിരായ എസി മിലാന്‍റെ അവസാന മത്സരത്തിന് ശേഷമാണ് 41-കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. സാൻസിറോയിൽ നിറഞ്ഞുകവിഞ്ഞ മിലാൻ ആരാധകർക്ക് മുന്നിൽ നിറകണ്ണുകളോടെയാണ് സ്ലാട്ടൻ ഫുട്‌ബോളിനോട് വിടപറഞ്ഞത്.

'ഇവിടെയെനിക്ക് ധാരാളം നല്ല ഓര്‍മകളും വൈകാരിക മുഹൂര്‍ത്തങ്ങളും ഉണ്ടായിട്ടുണ്ട്. ആദ്യമായി മിലാനിൽ എത്തിയപ്പോൾ നിങ്ങൾ എനിക്ക് സന്തോഷം നൽകി, രണ്ടാം തവണ നിങ്ങൾ എനിക്ക് സ്നേഹം നൽകി. എന്‍റെ ഹൃദയത്തിൽ നിന്ന് ആരാധകർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇരുകൈകളും നീട്ടി എന്നെ സ്വീകരിച്ച നിങ്ങൾ എന്നെ കുടുംബത്തിലെ ഒരംഗത്തെപോലെയാണ് പരിഗണിച്ചത്. ഞാൻ ജീവിതത്തിൽ ഉടനീളം ഒരു മിലാൻ ആരാധകൻ ആയിരിക്കും. എന്നാൽ ഇപ്പോൾ ഫുട്‌ബോളിനോട് വിടപറയേണ്ട സമയമായിരിക്കുന്നു, എന്നാൽ നിങ്ങളോട് വിട പറയുന്നില്ല. ഭാഗ്യമുണ്ടെങ്കില്‍ നമുക്കിനിയും കാണാം, ഫോര്‍സ മിലാന്‍ ആന്‍ഡ് ഗുഡ് ബൈ' -ഇബ്രാഹിമോവിച്ച് പറഞ്ഞു.

'എന്‍റെ ജീവിതകാലം മുഴുവൻ ഞാൻ ഇത് ചെയ്യുന്നു. ഫുട്ബോൾ എന്നെ ഒരു മനുഷ്യനാക്കി. ഒരിക്കലും അറിയാത്ത ആളുകളെ അറിയാൻ ഇത് എന്നെ അനുവദിച്ചു. ഫുട്ബോളിന് നന്ദി പറഞ്ഞ് ഞാൻ ലോകം ചുറ്റി സഞ്ചരിച്ചു. ഫുട്ബോളിന് നന്ദി' -അദ്ദേഹം കൂട്ടിച്ചേർത്തു.

1999ൽ സ്വീഡിഷ് ക്ലബ് മാൽമോ എഫ്‌എഫിനൊപ്പം പ്രൊഫഷണൽ കരിയർ ആരംഭിച്ച സ്ലാട്ടൻ ഇതുവരെ അയാക്‌സ്, യുവന്‍റസ്, ഇന്‍റർ മിലാൻ, എസി മിലാൻ, ബാഴ്‌സലോണ, പിഎസ്‌ജി, മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കം ഒമ്പത് ക്ലബുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. 24 വർഷത്തെ സംഭവബഹുലമായ കരിയറിൽ രാജ്യന്തര, ക്ലബ് തലങ്ങളിലായി 988 മത്സരങ്ങളിൽ നിന്നായി 573 ഗോളുകൾ നേടിയിട്ടുണ്ട്. 34 കിരീട വിജയങ്ങളിൽ പങ്കാളിയായിട്ടുണ്ട്. രാജ്യന്തര തലത്തിൽ സ്വീഡന് വേണ്ടി 122 മത്സരങ്ങളിൽ നിന്നായി 62 ഗോളുകളും നേടിയിട്ടുണ്ട്.

അക്രോബാറ്റിക് സ്‌ട്രൈക്കുകൾക്കും ലോങ് റേഞ്ച് ഷോട്ടുകൾക്കും മികച്ച സാങ്കേതികതയ്ക്കും പന്ത് നിയന്ത്രണത്തിനും ഇബ്രാഹിമോവിച്ച് പ്രശസ്‌തനാണ്. എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം കഴിഞ്ഞ നാല് പതിറ്റാണ്ടുകളിൽ ഗോൾ നേടുന്ന അത്യപൂർവ താരങ്ങളിൽ ഒരാളാണ്. 1999ൽ സ്വീഡൻ ദേശീയ ടീമിനായി അരങ്ങേറിയത് മുതൽ എല്ലാ വർഷവും ഒരു ഗോളെങ്കിലും സ്ലാട്ടൻ നേടിയിട്ടുണ്ട്. അതോടൊപ്പം തന്നെ 90 മിനിറ്റ് മത്സരത്തിന്‍റെ സാധ്യമായ എല്ലാ മിനിറ്റുകളിലും ഗോളടിച്ച താരവുമാണ് ഇബ്രാഹിമോവിച്ച്.

ഈ സീസണിന്‍റെ തുടക്കം മുതൽ 41-കാരനായ സ്വീഡിഷ് സ്ട്രൈക്കറെ തുടർച്ചയായി പരിക്ക് വേട്ടയാടിയിരുന്നു. ഈ സീസണിൽ വെറും നാല് മത്സരങ്ങളിൽ മാത്രമാണ് കളത്തിലിറങ്ങാൻ കഴിഞ്ഞത്. മാർച്ച് 18 ന് ഉഡിനീസിനെതിരെ അവസാനമായി കളിച്ചത്. സീസണിന്‍റെ അവസാനത്തോടെ കരാർ അവസാനിക്കുന്ന സ്ലാട്ടൻ മിലാൻ വിടുമെന്ന് അധികൃതർ സ്ഥിരീകരിച്ചിരുന്നു. മിലാൻ വിട്ടാലും അടുത്ത സീസണിലും താൻ കളിക്കുമെന്ന് സ്ലാട്ടൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതിനിടെയാണ് ഇതിഹാസ താരത്തിന്‍റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം.

1999ൽ സ്വീഡിഷ് ക്ലബ് മാൽമോ എഫ്‌എഫിനൊപ്പമാണ് പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. 2001ൽ മുന്ന് വർഷത്തെ കരാറിൽ ഡച്ച് ക്ലബായി അയാക്‌സിലേക്ക് ചേക്കേറി. 2004 ൽ യുവന്‍റസിൽ ചേർന്ന സ്ളാട്ടൻ രണ്ട് ഇറ്റാലിയൻ കിരീട വിജയത്തിൽ പങ്കാളിയായി. 2009 ൽ ബാഴ്‌സലോണയിലേക്ക് മാറുന്നതിന് മുമ്പ് തന്‍റെ അടുത്ത ക്ലബായ ഇന്‍റർ മിലാനൊപ്പം മൂന്ന് സീരി എ കിരീടങ്ങൾ കൂടി നേടി. കറ്റാലൻ ക്ലബ്ബിൽ ഒരു സീസൺ മാത്രം പന്ത് തട്ടിയ ഇബ്രാഹിമോവിച്ച് ലാലിഗ വിജയത്തിൽ പങ്കാളിയായി. തൊട്ടടുത്ത വർഷം ഇറ്റാലിയൻ ക്ലബായ എസി മിലാനിലേക്ക് ലോൺ അടിസ്ഥാനത്തിൽ ചേക്കേറിയ സ്ലാട്ടൻ 2011ൽ സ്ഥിരം കരാറിൽ മിലാനൊപ്പം ചേർന്നു.

2012ൽ പിഎസ്‌ജിയുമായി കരാറിലെത്തി. ഫ്രഞ്ച് ക്ലബിനായി 122 ലീഗ് മത്സരങ്ങളിൽ നിന്ന് 113 ഗോളുകൾ നേടുകയും നാല് ലീഗ് 1 ട്രോഫികൾ നേടുകയും ചെയ്‌തു. 2016ലാണ് രണ്ട് വർഷത്തെ കരാറിൽ പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുന്നത്. തൊട്ടടുത്ത വർഷം യുണൈറ്റഡിനൊപ്പം യൂറോപ്പ ലീഗ് കിരീടം നേടി. സ്ലാട്ടന്‍റെ കരിയറിലെ ഏക യൂറോപ്യൻ കിരീടമാണിത്. 2018ൽ ഇംഗ്ലണ്ട് വിട്ട താരം അമേരിക്കൻ ലീഗിൽ ലാ ഗ്യാലക്‌സിക്കായി ബൂട്ടണിഞ്ഞു. 2020ലാണ് തന്‍റെ പഴയ ക്ലബായ മിലാനിലേക്ക് താരം മടങ്ങിയത്.

Last Updated : Jun 5, 2023, 11:16 AM IST

ABOUT THE AUTHOR

...view details