സ്റ്റോക്ക്ഹോം:റഷ്യയെ ലോകകപ്പ് യോഗ്യത റൗണ്ടിൽ നിലനിർത്താനുള്ള ഫിഫയുടെ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് സ്വീഡിഷ് സോക്കർ ഫെഡറേഷൻ. റഷ്യയെ പുറത്താക്കാത്ത ഒത്തുതീര്‍പ്പ് ശ്രമം അംഗീകരിക്കാനാവില്ലെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി.
രാജ്യത്തിന്‍റെ പേരുപയോഗിക്കാതെ റഷ്യയുടെ ഫെഡറേഷനായ ഫുട്ബോൾ യൂണിയൻ ഓഫ് റഷ്യ എന്ന പേരിൽ നിഷ്പക്ഷ വേദികളിൽ, തങ്ങളുടെ പതാകയും ദേശീയഗാനവുമില്ലാതെ കളിക്കാൻ റഷ്യയെ അനുവദിക്കുമെന്നാണ് ഫിഫ അറിയിച്ചിരുന്നത്.
ഈ ഒത്തുതീർപ്പ് ശ്രമത്തിനെതിരെയാണ് സ്വീഡന്‍ രംഗത്തെത്തിയത്. ഫിഫയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് പോളണ്ടും ചെക്ക് റിപ്പബ്ലിക്കും പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സ്വീഡന്‍റേയും ഔദ്യോഗിക നിലപാട്.
"യുക്രൈനിലെ നിയമവിരുദ്ധവും അന്യായമായ അധിനിവേശം കണക്കിലെടുത്ത് റഷ്യക്കെതിരെ ഒരു മത്സരവും കളിക്കില്ലെന്ന് സ്വീഡിഷ് ഫുട്ബോൾ അസോസിയേഷൻ തറപ്പിച്ചുപറയുന്നു. ഇതേ മനോഭാവമാണ് നേരത്തെ ചെക്ക്, പോളിഷ് ഫുട്ബോൾ ഫെഡറേഷനുകൾ പ്രകടിപ്പിച്ചത്.
also read: ചെല്‍സിയുടെ നിയന്ത്രണം; വ്യക്തത വരുത്താതെ ചാരിറ്റബിൾ ഫൗണ്ടേഷന്‍
രാജ്യങ്ങൾ തികച്ചും അന്യായമായി ആക്രമിക്കപ്പെടുമ്പോൾ ലോക ഫുട്ബോളിന് നിശബ്ദമായി കാണാനും പ്രവർത്തിക്കാതിരിക്കാനും കഴിയില്ല. റഷ്യയെ പുറത്താക്കുന്നതിനായി മറ്റ് ഫെഡറേഷനുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും" സ്വീഡിഷ് ഫെഡറേഷന്‍ വ്യക്തമാക്കി.
ഫിഫയിൽ നിന്ന് കൂടുതൽ മൂർച്ചയുള്ള നിലപാട് പ്രതീക്ഷിക്കുന്നതായി സ്വീഡിഷ് ഫെഡറേഷൻ പ്രസിഡന്‍റ് കാൾ-എറിക് നിൽസണ്‍ പറഞ്ഞു. യൂറോപ്യൻ ഫുട്ബോൾ ഗവേണിങ് ബോഡിയായ യുവേഫയുടെ സീനിയർ വൈസ് പ്രസിഡന്റുകൂടിയാണ് അദ്ദേഹം.