ന്യൂഡല്‍ഹി : ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍ (എഐഎഫ്‌എഫ്) കേസില്‍ നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി. ഫെഡറേഷന്‍റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഈ വർഷമാദ്യം നിയോഗിച്ചിരുന്ന താത്കാലിക ഭരണ സമിതി സുപ്രീം കോടതി പിരിച്ചുവിട്ടു. ഫെഡറേഷന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ആക്ടിങ് ജനറൽ സെക്രട്ടറി സുനന്ദോ ധറിന് കോടതി നിർദേശം നല്‍കിയിട്ടുണ്ട്.
കോടതിയുടെ പുതിയ ഉത്തരവ് ഫെഡറേഷന് ഫിഫ നല്‍കിയ വിലക്ക് പിന്‍വലിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എഐഎഫ്‌എഫിന്‍റെ ഭരണത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 16നാണ് ഫിഫ ഇന്ത്യയെ വിലക്കിയത്. കാലാവധി കഴിഞ്ഞിട്ടും ഫെഡറേഷന്‍റെ തലപ്പത്ത് തുടര്‍ന്ന പ്രഫുൽ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി സുപ്രീം കോടതി പിരിച്ചുവിട്ടതാണ് ഫിഫയെ ചൊടിപ്പിച്ചത്.