കേരളം

kerala

ETV Bharat / sports

വിസ്‌മയവേഗത്തില്‍ വലതൊടുന്ന ക്യാപ്റ്റന്‍ ഫെന്‍റാസ്റ്റിക്, ഗോളില്‍ റോണോയ്ക്കും മെസിക്കും തൊട്ടരികിലും ; ഛേത്രി, കാല്‍പ്പന്തിലെ ഇന്ത്യന്‍ 'ഗോട്ട്' - സുനില്‍ ഛേത്രി ഗോളുകള്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രിക്ക് 39-ാം പിറന്നാള്‍

Sunil Chhetri  Sunil Chhetri Birthday  Sunil Chhetri Career  Sunil Chhetri Stats  Sunil Chhetri Goals  Happy Birth Day Sunil Chhetri  Sunil Chhetri at 39  സുനില്‍ ഛേത്രി  സുനില്‍ ഛേത്രി പിറന്നാള്‍  സുനില്‍ ഛേത്രി ജന്മദിനം  സുനില്‍ ഛേത്രി ഗോളുകള്‍  സുനില്‍ ഛേത്രി കരിയര്‍
Sunil Chhetri

By

Published : Aug 3, 2023, 8:54 AM IST

സുനില്‍ ഛേത്രി,ഇന്ത്യന്‍ ഫുട്‌ബോളിന്‍റെ ഹൃദയം. അടുത്തിടെ അവസാനിച്ച സാഫ് കപ്പിലും ഇന്ത്യയ്‌ക്കായി ഗോള്‍ വേട്ട നടത്തിയ കുറിയ മനുഷ്യന്‍. അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ പലരും കളിമതിയാക്കുന്ന 39-ാം വയസില്‍ വിരമിക്കലിനെ കുറിച്ച് പോലും ചിന്തിക്കാതെ അയാള്‍ ഇന്നും കളി മൈതാനത്ത് ഇന്ത്യയുടെ ഹൃദയത്തുടിപ്പായി പന്തുതട്ടുന്നു.

ആന്ധ്രാപ്രദേശിലെ സെക്കന്തരാബാദില്‍ കെ ബി ഛേത്രിയുടെയും സുശീല ഛേത്രിയുടെയും മകനായി 1984 ഓഗസ്റ്റ് മൂന്നിനാണ് സുനില്‍ ഛേത്രി ജനിച്ചത്. ഇന്ത്യന്‍ ആര്‍മി ഓഫിസറായിരുന്ന അച്ഛന്‍ സൈന്യത്തിനായും പന്ത് തട്ടിയിരുന്നു. ഇത് കണ്ടാണ് കുഞ്ഞ് സുനില്‍ ഛേത്രിയും തുകല്‍പന്തിന് പിന്നാലെ പായാന്‍ തുടങ്ങിയത്.

ഏറെ പേരും ക്രിക്കറ്റിലേക്ക് നടന്നുനീങ്ങിയപ്പോള്‍ ആ പയ്യന്‍ ഫുട്‌ബോളിന് പിറകെ സഞ്ചരിക്കാനാണ് തീരുമാനിച്ചത്. രാജ്യത്തിനായി പന്ത് തട്ടാന്‍ മികച്ച താരങ്ങളെ സംഭാവന നല്‍കിയ ഡല്‍ഹിയിലെ ടാറ്റ ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്ന് 17-ാം വയസ് മുതലാണ് ഛേത്രി ഈ പന്തിന് പിന്നാലെയുള്ള യാത്ര ആരംഭിച്ചത്. 2002ല്‍ മോഹന്‍ ബഗാനുമായി ആദ്യ പ്രൊഫഷണല്‍ കരിയറില്‍ ഒപ്പുവച്ച ഛേത്രി മൂന്ന് വര്‍ഷമാണ് അവര്‍ക്കൊപ്പം കളിച്ചത്.

സുനില്‍ ഛേത്രി

ഇക്കാലയളവില്‍ 18 മത്സരങ്ങളില്‍ മോഹന്‍ ബഗാന്‍ കുപ്പായത്തില്‍ കളത്തിലിറങ്ങിയ ഛേത്രി എട്ട് ഗോളുകളാണ് എതിരാളികളുടെ വലയിലേക്ക് അടിച്ചുകയറ്റിയത്. പിന്നാലെ, 2005-ല്‍ തന്‍റെ 20-ാം വയസിലാണ് സുനില്‍ ഛേത്രി ദേശീയ ടീമിലേക്കെത്തുന്നത്. അരങ്ങേറ്റ മത്സരത്തില്‍ ചിരവൈരികളായ പാകിസ്ഥാനായിരുന്നു അന്ന് ഇന്ത്യയുടെ എതിരാളി.

ആ മത്സരത്തില്‍ തന്നെ ഗോള്‍ നേടിക്കൊണ്ട് ഇന്ത്യന്‍ ഫുട്‌ബോളിലേക്ക് തന്‍റെ വരവറിയിക്കാന്‍ ആ ചെറുപ്പക്കാരന് സാധിച്ചു. 2007ല്‍ നടന്ന നെഹ്‌റു കപ്പായിരുന്നു സുനില്‍ ഛേത്രി ആദ്യമായി കളിച്ച അന്താരാഷ്‌ട്ര ടൂര്‍ണമെന്‍റ്. ഇന്ത്യ കപ്പടിച്ച ടൂര്‍ണമെന്‍റില്‍ ടീമിന്‍റെ ടോപ്‌ സ്‌കോറര്‍ ഛേത്രിയായിരുന്നു.

നാല് ഗോളുകളാണ് ഛേത്രി ആ ടൂര്‍ണമെന്‍റില്‍ എതിര്‍വലകളിലേക്ക് അടിച്ചുകയറ്റിയത്. ഇതിന് പിന്നാലെ നടന്ന എഎഫ്‌ചി ചലഞ്ച് കപ്പിലും ഛേത്രിയുടെ കാലുകള്‍ ഇന്ത്യന്‍ മുന്നേറ്റത്തിന് കരുത്ത് പകര്‍ന്നു. ഫൈനലില്‍ താജികിസ്ഥാനെ ഇന്ത്യ നാല് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ അതില്‍ മൂന്നും പിറന്നത് ഛേത്രിയുടെ ബൂട്ടില്‍ നിന്നായിരുന്നു.

പിന്നാലെ വിദേശ ക്ലബ്ബുകളിലേക്കും ഛേത്രിയ്‌ക്ക് വിളിയെത്തി. ഇപ്പോള്‍ ലയണല്‍ മെസി പന്ത് തട്ടുന്ന മേജര്‍ സോക്കര്‍ ലീഗിലെ കെന്‍സാസ് സിറ്റിയെന്ന അമേരിക്കന്‍ ക്ലബ്ബാണ് 2010ല്‍ ഛേത്രിയെ റാഞ്ചിയത്. അമേരിക്കന്‍ ലീഗില്‍ പന്ത് തട്ടുന്ന താരമായെങ്കിലും പലപ്പോഴും സൈഡ് ബെഞ്ചിലായിരുന്നു ഛേത്രിയുടെ സ്ഥാനം.

സുനില്‍ ഛേത്രി

അവസരങ്ങള്‍ കുറഞ്ഞതോടെ മേജര്‍ സോക്കര്‍ ലീഗിനോട് വിടപറഞ്ഞ ഛേത്രി 2011ല്‍ ഐ ലീഗ് ക്ലബ്ബായ ചിരാഗ് യുണൈറ്റഡില്‍ ചേക്കേറി. 2012ല്‍ ഛേത്രി യൂറോപ്പിലേക്കും പറന്നു.

പോര്‍ച്ചുഗല്‍ ക്ലബ് സ്‌പോര്‍ട്ടിങ് സിപിയാണ് ഇന്ത്യന്‍ സൂപ്പര്‍ താരത്തെ അന്ന് സ്വന്തമാക്കിയത്. എന്നാല്‍, അവിടെയും ഛേത്രിക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. കെന്‍സാസ് സിറ്റിയിലേതിന് സമാനമായി പലപ്പോഴും സൈഡ് ബെഞ്ചില്‍ ഇരിക്കേണ്ടി വന്നതോടെ താരം യൂറോപ്പിനോടും യാത്ര പറഞ്ഞു.

പിന്നീട്, ഇന്ത്യന്‍ ക്ലബ് ബെംഗളൂരു എഫ്‌സിക്കൊപ്പമായിരുന്നു ഛേത്രിയുടെ യാത്ര. ബെംഗളൂരു മൂന്ന് പ്രാവശ്യം ഐ ലീഗ് കിരീടം നേടിയപ്പോഴും ടീമിനെ മുന്നില്‍ നിന്ന് നയിച്ചത് ഛേത്രിയാണ്. കൂടാതെ ഐഎസ്എല്‍, സൂപ്പര്‍ കപ്പ്, ഡ്യൂറന്‍റ് കപ്പ് എന്നിവ ബിഎഫ്‌സിക്ക് നേടിക്കൊടുക്കുന്നതിലും ഛേത്രി നിര്‍ണായക പങ്ക് വഹിച്ചു.

സുനില്‍ ഛേത്രി

മൂന്ന് പ്രാവശ്യം നെഹ്‌റു കപ്പ് നേടിയപ്പോഴും, നാല് പ്രാവശ്യം സാഫ് കപ്പില്‍ മുത്തമിട്ടപ്പോഴും രണ്ട് തവണ ഇന്‍റര്‍കോണ്ടിനന്‍റല്‍ കിരീടം ഉയര്‍ത്തിയപ്പോഴും ഇന്ത്യയ്‌ക്കായി കളം നിറഞ്ഞ് കളിച്ചതും സുനില്‍ ഛേത്രി തന്നെ. ഏഴ് പ്രാവശ്യമാണ് ഛേത്രിയെ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ രാജ്യത്തെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുത്തത്.

2011-ല്‍ അര്‍ജുന അവാര്‍ഡും 2019-ല്‍ പത്മശ്രീയും 2021ല്‍ ഖേല്‍ രത്നയും നല്‍കിയാണ് രാജ്യം ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസത്തെ ആദരിച്ചത്. ഇന്ത്യയുടെ കായിക ചരിത്രത്തില്‍ ആദ്യമായി ഖേല്‍ രത്ന പുരസ്‌കാരം നേടുന്ന ഫുട്‌ബോള്‍ താരമാണ് ഛേത്രി. ഇന്ത്യയ്‌ക്കായി അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം, നിലവില്‍ ഇപ്പോഴും കളിക്കുന്ന താരങ്ങളില്‍ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കും ലയണല്‍ മെസിക്കും പിന്നില്‍ മൂന്നാമനും ഇന്ത്യയുടെ സ്വന്തം സുനില്‍ ഛേത്രിയാണ്...

ABOUT THE AUTHOR

...view details