ഭുവനേശ്വർ: ജീവിതത്തില്‍ പുതിയ സന്തോഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ഭാര്യ സോനം ഭട്ടാചാര്യയും. തങ്ങളുടെ ലോകത്തേക്ക് പുതിയ അതിഥി എത്തുന്ന വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. ഇന്‍റർ കോണ്ടിനന്‍റൽ കപ്പ് ഫുട്ബോളിൽ വനൗതുവിനെതിരായ വിജയത്തിന് ശേഷമാണ് ഇന്ത്യന്‍ നായകന്‍ ഇക്കാര്യം ആരാധകരെ അറിയിച്ചത്.
മത്സരത്തിലെ വിജയ ഗോള്‍ നേടിയതിന് ശേഷം ഭാര്യ സോനത്തിനാണ് താരം ഇതു സമര്‍പ്പിച്ചത്. തന്‍റെ ജഴ്‌സിക്കുള്ളില്‍ പന്ത് വച്ചതിന് ശേഷം ഗ്യാലറിയിലുണ്ടായ സോനത്തിന് ഇരു കൈകളാലും ഫ്ലൈയിങ് കിസ് നല്‍കിയാണ് താരം ഈ ഗോള്‍ ആഘോഷിച്ചത്. തുടര്‍ന്ന് പോസ്റ്റ് മാച്ച് പ്രസന്‍റേഷനില്‍ തന്‍റെ ഗോള്‍ ആഘോഷത്തില്‍ ഛേത്രി വ്യക്തത വരുത്തുകയും ചെയ്‌തു.
ഇന്ത്യന്‍ ക്യാപ്റ്റന്‍റെ വാക്കുകള്‍ ഇങ്ങനെ... "ഞാനും എന്‍റെ ഭാര്യയും അതു പ്രതീക്ഷിക്കുന്നു. ഇതു നിങ്ങളെ അറിയിക്കാന്‍ ഈ വിധം തന്നെയാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. പഴയ ഫുട്‌ബോള്‍ താരങ്ങളുടെ ആഘോഷ രീതിയാണിത്. എനിക്കും അതുതന്നെ ചെയ്യേണ്ടിവന്നു. ഞങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും ആശംസകളും ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു", സുനില്‍ ഛേത്രി പറഞ്ഞു.
വിയര്‍ത്ത് ജയിച്ച് ഇന്ത്യ: പസിഫിക് ദ്വീപുരാജ്യമായ വനൗതുവിനെതിരെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ ഛേത്രി നേടിയ ഒറ്റ ഗോളിന് വിജയം പിടിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഫിഫ റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള വനൗതുവിനെതിരെ ഏറെ വിയര്‍പ്പൊഴുക്കിയാണ് ഇന്ത്യ വിജയം പിടിച്ചത്.
ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 101-ാം റാങ്കിലും വനൗതു 164-ാം റാങ്കിലുമാണ്. മത്സരത്തിന്‍റെ തുടക്കം മുതല്‍ക്ക് ശക്തമായ ചെറുത്തുനിൽപ്പായിരുന്നു വനൗതുവിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. ഇതിനിടെ ലഭിച്ച സുവര്‍ണാവസരങ്ങള്‍ പലതും ലക്ഷ്യത്തിലെത്തിക്കാന്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞതുമില്ല.