മെല്‍ബണ്‍:ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ (Australian Open 2024) ചരിത്രം രചിച്ച് ഇന്ത്യയുടെ സുമിത് നാഗല്‍. പുരുഷ വിഭാഗം സിംഗിള്‍സിലെ ആദ്യ റൗണ്ട് മത്സരത്തില്‍ കസാഖിസ്ഥാന്‍റെ ലോക 27-ാം നമ്പര്‍ താരം അലക്‌സാണ്ടര്‍ ബബ്ലികിനെ തോല്‍പ്പിച്ച സുമിത് നാഗല്‍ മുന്നേറ്റമുറപ്പിച്ചു. രണ്ട് മണിക്കൂറും 38 മിനിട്ടും നീണ്ടുനിന്ന കനത്ത പോരാട്ടത്തിനൊടുവിലാണ് ലോക റാങ്കിങ്ങില്‍ 137-ാം സ്ഥാനത്തുള്ള ഇന്ത്യന്‍ താരം അലക്‌സാണ്ടര്‍ ബബ്ലികിനെ വീഴ്‌ത്തിയത്. (Sumit Nagal beats Alexander Bublik advance to round 2 in Australian Open 2024)
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സുമിത് നാഗലിന്‍റെ വിജയം. ആദ്യ രണ്ട് സെറ്റുകളും ആധിപത്യം പുലര്‍ത്തിയാണ് സുമിത് സ്വന്തമാക്കിയത്. എന്നാല്‍ മൂന്നാം സെറ്റില്‍ അലക്‌സാണ്ടര്‍ ബബ്ലിക് തിരിച്ചവരവിന് ശ്രമം നടത്തിയതോടെ പോരാട്ടവും കനത്തു. ഇരുവരും ഒപ്പത്തിനൊപ്പം പൊരുതി നില്‍ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്.
ഒടുവില്‍ ടൈ ബ്രേക്കറില്‍ സുമിത് സെറ്റ് പിടിച്ചതോടെ മത്സരവും താരത്തിനൊപ്പം നിന്നു. ഇതാദ്യമായാണ് 26-കാരനായ സുമിത് ലോക റാങ്കിങ്ങില്‍ ആദ്യ 50-ന് ഉള്ളിലുള്ള ഒരാളോട് വിജയിക്കുന്നത്. ഇതോടെ ഗ്രാന്‍ഡ്സ്ലാം മത്സരങ്ങളുടെ ചരിത്രത്തില്‍ 35 വര്‍ഷത്തിന് ശേഷം സീഡഡ് കളിക്കാരനെ തോല്‍പ്പിക്കുന്ന ഇന്ത്യാക്കാരനാവാനും സുമിത്തിന് കഴിഞ്ഞു. നേരത്തെ 1988-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇന്ത്യയുടെ ഇതിഹാസ താരം രമേശ് കൃഷ്‌ണയായിരുന്നു പ്രസ്‌തുത നേട്ടം സ്വന്തമാക്കിയത്.