ന്യു ഡൽഹി:ഈ മാസം നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ഫുട്ബോൾ സാധ്യത ടീമിനെ പ്രഖ്യാപിച്ചു. 25 അംഗ സ്ക്വാഡാണ് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചത്. ഈ മാസം 23, 26 തിയതികളില്‍ മനാമയില്‍ ബഹ്റൈന്‍, ബെലാറൂസ് എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ സൗഹൃദ മത്സരങ്ങള്‍. രണ്ട് മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 9.30 ന് കിക്ക് ഓഫ് ചെയ്യും.
റാങ്കിങ്ങിൽ മുന്നിൽ നിൽക്കുന്ന എതിരാളികളെയാണ് ഇന്ത്യക്കു മത്സരത്തിൽ നേരിടേണ്ടത്. ഇന്ത്യ 104-ാം സ്ഥാനത്തുള്ളപ്പോൾ ബഹ്‌റൈൻ 91-ാം സ്ഥാനത്തും ബെലാറൂസ് 94-ാം സ്ഥാനത്തുമാണ്. 2012നു ശേഷം ഇന്ത്യ ആദ്യമായാണ് യുവേഫ അംഗമായ ഒരു രാജ്യത്തിനെതിരെ കളിക്കാൻ തയ്യാറെടുക്കുന്നത്.
ഈ സീസൺ ഐഎസ്എല്ലിൽ നോർത്ത് ഈസ്‌റ്റിനായി ഗംഭീര പ്രകടനം കാഴ്‌ചവെച്ച വിപി സുഹൈറാണ് ടീമിലെ എക മലയാളി. കേരള ബ്ലാസ്റ്റേഴ്‌സിനായി തകർപ്പൻ പ്രകടനം കാഴ്‌ചവെച്ച സഹലും ഒപ്പം ആഷിഖ് കുരുണിയനും പരിക്ക് കാരണം ടീമിനൊപ്പം ഇല്ല. സഹലിന് പരിക്ക് കാരണം ഐഎസ്എൽ ഫൈനലും നഷ്‌ടമായിരുന്നു.
കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് മൂന്ന് താരങ്ങൾ ആണുള്ളത്. ജീക്‌സൺ സിംഗ്, പ്രഭ്‌ശുഖൻ ഗിൽ എന്നിവർക്ക് ഒപ്പം ഡിഫൻഡർ ഹോർമിപാമും സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രതിരോധത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെച്ച ഇന്ത്യൻ താരമാണ് ഹോർമിപാം.
പ്രഭ്‌ശുഖൻ ഗിൽ, ഹോർമിപാം റൂയിവാ, ബംഗളൂരുവിന്‍റെ റോഷൻ സിങ്, ഡാനിഷ് ഫാറൂഖ്, ഹൈദരാബാദ് എഫ്‌സിയുടെ അനികേത് ജാദവ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ മലയാളി താരം വിപി സുഹൈർ, എഫ്‌സി ഗോവയുടെ അൻവർ അലി എന്നിവരാണ് ടീമിലിടം നേടിയ പുതിയ താരങ്ങൾ.
ജൂൺ 8 മുതൽ കൊൽക്കത്തയിൽ നടക്കുന്ന എ.എഫ്.സി ചാമ്പ്യന്‍ഷിപ്പ് യോഗ്യത മത്സരങ്ങളുടെ അവസാന റൗണ്ടിനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായിട്ടാണ് സൗഹൃദ മത്സരങ്ങൾ. 24 ടീമുകളെ ആറ് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഹോങ്കോങ്, അഫ്‌ഗാനിസ്ഥാൻ, കംബോഡിയ എന്നിവർക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ. ഗ്രൂപ്പ് വിജയികൾക്കും, മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാർക്കും ചൈനയിൽ നടക്കുന്ന ഏഷ്യൻ കപ്പിലേക്ക് യോഗ്യത ലഭിക്കും.