മെല്‍ബണ്‍ : ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ടീം നായകസ്ഥാനത്തേക്ക് വീണ്ടും സ്‌റ്റീവ് സ്‌മിത്ത്. ഇന്ന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റ് മത്സരത്തില്‍ നിന്ന് പരിക്കേറ്റ ഓസീസ് ടെസ്റ്റ് ക്യാപ്‌റ്റന്‍ പാറ്റ് കമ്മിന്‍സ് വിട്ട് നില്‍ക്കുന്നതിനെ തുടര്‍ന്നാണ് താത്കാലിക ക്യാപ്‌റ്റനായി സ്റ്റീവ് സ്‌മിത്തിനെ നിയോഗിച്ചത്. രണ്ട് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നേരത്തെ ഓസ്‌ട്രേലിയ വിജയിച്ചിരുന്നു.
പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ക്യാപ്റ്റന്‍സി വിലക്ക് ഉള്‍പ്പടെ നേരിട്ട താരം ഇത് രണ്ടാം തവണയാണ് കങ്കാരുപ്പടയുടെ താത്കാലിക നായകനാകുന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായി അഡ്‌ലെയ്‌ഡില്‍ നടന്ന മത്സരത്തിലും സ്‌മിത്ത് ടീമിനെ നയിച്ചിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്നാണ് അന്ന് ക്യാപ്‌റ്റന്‍ കമ്മിന്‍സിന് കളിക്കാന്‍ സാധിക്കാതിരുന്നത്.