മുംബൈ: പ്രോ കബഡി ലീഗ് (പികെഎൽ) സംപ്രേഷണാവകാശം അടുത്ത അഞ്ച് വർഷത്തേക്ക് കൂടി സ്റ്റാർ ഇന്ത്യ നിലനിർത്തി. ഒരു സീസണിന് 180 കോടി രൂപ എന്ന നിലയിലാണ് സ്റ്റാർ സംപ്രേഷണാവകാശം ലേലത്തിൽ പിടിച്ചത്. ലീഗിന്‍റെ മാർക്കറ്റിങ് ചുമതലയും സ്റ്റാർ ഇന്ത്യക്കാണ്. കഴിഞ്ഞ ഏഴ് സീസണുകളും സ്റ്റാർ തന്നെയാണ് സംപ്രേഷണം ചെയ്‌തത്. ഏഴ് വർഷത്തെ ലീഗിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഇത് വിൽക്കാൻ സംഘാടകരായ മഷാൽ സ്പോർട്‌സ് ലേലം സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം 90 കോടിയായിരുന്നു സ്റ്റാർ മഷാൽ സ്പോർട്‌സിന് നൽകിയത്.
പ്രോ കബഡി ലീഗ് സംപ്രേഷണാവകാശം നിലനിർത്തി സ്റ്റാർ ഇന്ത്യ
ഒരു സീസണിന് 180 കോടി രൂപ എന്ന നിലയിലാണ് സ്റ്റാർ സംപ്രേഷണാവകാശം ലേലത്തിൽ പിടിച്ചത്. ലീഗിന്‍റെ മാർക്കറ്റിങ് ചുമതലയും സ്റ്റാർ ഇന്ത്യക്കാണ്.
സംപ്രേഷണാവകാശം വിറ്റവഴിയിൽ ഉയർന്ന തുക ലഭിക്കുന്നത് ഫ്രാഞ്ചൈസികളുടെ വരുമാനം വർധിപ്പിക്കുമെന്ന് മഷാൽ ചീഫ് എക്‌സിക്യൂട്ടീവും ലീഗ് കമ്മിഷണറുമായ അനുപം ഗോസ്വാമി പറഞ്ഞു. സ്റ്റാറുമായുള്ള കരാർ കാലാവധിയിൽ ലീഗിന്‍റെ വിജയത്തിനും കൂടുതൽ നൂതനമായ രീതിയിൽ ആരാധകരെ തൃപ്‌തിപ്പെടുത്താനും ശ്രമിക്കും. അതിനായി ടിവി, ഡിജിറ്റൽ, ഗെയിമിംഗ് പ്ലാറ്റ് ഫോമുകള്‍ ഉപയോഗിക്കുമെന്നും അനുപം ഗോസ്വാമി അറിയിച്ചു.
കഴിഞ്ഞ കുറെ വർഷമായി പികെഎല്ലിനായി സ്റ്റാർ നിക്ഷേപങ്ങൾ നടത്തുന്നു. രാജ്യത്ത് ഏറ്റവും അധികം ആളുകൾ കണ്ട രണ്ടാമത്തെ ലീഗായി പികെഎൽ മാറി. അതുകൊണ്ട് സംപ്രേഷണ അവകാശം നിലനിർത്താനായതിൽ സന്തോഷമുണ്ടെന്ന് സ്റ്റാർ ഇന്ത്യ പ്രസിഡന്‍റ് കെ. മാധവൻ അറിയിച്ചു.