സുഞ്ചിയോൺ :കൊറിയൻ ഓപ്പണ്‍ സൂപ്പർ 500 ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പില്‍ ഇന്ത്യൻ താരങ്ങളായ പി വി സിന്ധുവും കിഡംബി ശ്രീകാന്തും സെമി ഫൈനലിൽ പ്രവേശിച്ചു. വനിത സിംഗിൾസ് ക്വാർട്ടറിൽ മൂന്നാം സീഡായ സിന്ധു തായ്‌ലൻഡിന്‍റെ ബുസാനൻ ഒങ്‌ബംരുങ്‌ഫാനെതിരെ തകർത്തപ്പോൾ, കൊറിയൻ താരം സൺ വാൻ ഹോയെയാണ് ശ്രീകാന്ത് കീഴടക്കിയത്.
കൊറിയൻ ഓപ്പണ്‍ : പി.വി സിന്ധുവും കിഡംബി ശ്രീകാന്തും സെമിയിൽ - KOREA OPEN 2022
സിന്ധു തായ്‌ലൻഡിന്‍റെ ബുസാനൻ ഒങ്‌ബംരുങ്‌ഫാനെയു ശ്രീകാന്ത് കൊറിയയുടെ സൺ വാൻ ഹോയെയുമാണ് തോൽപ്പിച്ചത്
തായ്‌ലാൻഡ് താരത്തിനെതിരെ 21-10, 21-16 എന്ന നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്‍റെ ജയം. ഒരു ഘട്ടത്തിൽപ്പോലും തായ്‌ലൻഡ് താരത്തെ മുന്നേറാൻ അനുവദിക്കാതെയായിരുന്നു സിന്ധു വിജയം പിടിച്ചെടുത്തത്. താരത്തിനെതിരെ 17-ാം ജയമാണ് സിന്ധു സ്വന്തമാക്കുന്നത്. സെമിയിൽ ജപ്പാന്‍റെ സൈന കവകാമിയെ - കൊറിയയുടെ അൻ സിയൂങ്ങ് മത്സരത്തിലെ വിജയിയെ സിന്ധു നേരിടും.
കൊറിയൻ താരത്തിനെതിരെ ഒരു മണിക്കൂറിലധികം നീണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു ശ്രീകാന്തിന്‍റെ ജയം. ആദ്യ സെറ്റ് ശ്രീകാന്ത് 21-12ന് അനായാസം സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റിൽ 18-21ന് കൊറിയൻ താരം മുന്നേറി. എന്നാൽ വാശിയേറിയ മൂന്നാം സെറ്റിൽ 21-12 ന് ശ്രീകാന്ത് വിജയം സ്വന്തമാക്കുകയായിരുന്നു.