പാലക്കാട്:കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മലയാളിതാരം ശ്രീശങ്കര്‍ രാജ്യത്തിന്‍റെ അഭിമാനമായി മാറിയപ്പോള്‍ ഒരു നാട് മുഴുവന്‍ ആഘോഷ ലഹരിയിലായിരുന്നു. ഇംഗ്ലീഷ് മണ്ണിൽ വീരഗാഥ രചിച്ച് പാലക്കാടിന്‍റെ സ്വന്തം ശ്രീ ബർമിങ്ഹാമിലെ ജമ്പിങ് പിറ്റിൽ 8.08 മീറ്റർ ദൂരം പിന്നിട്ടാണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ശ്രീയുടെ രാജ്യാന്തര തലത്തിലെ ആദ്യ പ്രധാന മെഡൽ നേട്ടം പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്‌തുമാണ് ജന്മനാടായ പാലക്കാട് ആഘോഷിച്ചത്.
ബിര്‍മിങ്ഹാമില്‍ നടന്ന വാശിയേറിയ പുരുഷന്മാരുടെ ലോങ് ജമ്പ് ഫൈനലിൽ കരീബിയന്‍ രാജ്യമായ ബഹമാസിന്‍റെ ലക്വാൻ നെയ്‌നാണ് (Laquan Nairn) ഒന്നാമതത്തെത്തിയത്. 8.08 മീറ്റര്‍ തന്നെയാണ് നെയ്‌നിന്‍റെ ഏറ്റവും മികച്ച ചാട്ടം. എന്നാൽ, അദ്ദേഹത്തിന്‍റെ രണ്ടാമത്തെ മികച്ച പ്രകടനം 7.98 മീറ്ററാണ്. ശ്രീശങ്കറിന്‍റെ രണ്ടാമത്തെ ഭേദപ്പെട്ട പ്രകടനം 7.84 മീറ്ററാണ്.
ജൂലൈയില്‍ അമേരിക്കയിലെ ഒറിഗോണിൽ നടന്ന ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ശ്രീശങ്കറിന് ഏഴാം സ്ഥാനമായിരുന്നു. 7.96 മീറ്റർ ചാടിയെങ്കിലും പിന്നീടുള്ള ശ്രമങ്ങൾ ഫൗളായതാണ് തിരിച്ചടിയായത്. ആ അനുഭവം ബർമിങ്ഹാമില്‍ മുതല്‍ക്കൂട്ടായി.
ടോക്യോ ഒളിമ്പിക്‌സിൽ ഫൈനലിലെത്താതെ പുറത്തായശേഷം പങ്കെടുത്ത പ്രധാന വേദിയായിരുന്നു ഒറിഗോണിലേത്. ടോക്യോ ഒളിമ്പിക്‌സിനു ശേഷം ഗ്രീസിൽ നടന്ന വെനിസെലിയ –ചാനിയ മീറ്റിൽ ശ്രീശങ്കർ രണ്ട് സ്വർണമാണ് നേടിയത്. ഏതൻസിൽ നടന്ന ആദ്യമത്സരത്തിൽ 8.31 മീറ്റർ ചാടി സ്വർണം നേടി. ഹാനിയയിൽ നടന്ന രണ്ടാം മത്സരത്തിലും സ്വർണമണിഞ്ഞു.
വിജയാഹ്‌ളാദത്തില്‍ സഹോദരി
പുരുഷ ലോങ്ജമ്പിൽ സീസണിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയവരുടെ ലോകപട്ടികയിലും ശ്രീശങ്കറുണ്ട്. ഗ്രീസിന്റെ ഒളിമ്പിക്‌സ് ചാമ്പ്യൻ മിൽത്തിയാദിസ് തെന്റോഗ്ലൂവിനൊപ്പമെത്തി. 8.36 മീറ്ററാണ് ഇരുവരും ഈ സീസണിൽ കുറിച്ച മികച്ച ഉയരം. പാലക്കാട് വിക്ടോറിയ കോളജിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയ ശ്രീശങ്കർ അതേ കോളജിൽ എംഎസ്‍സി സ്റ്റാറ്റിറ്റിക്‌സ് വിദ്യാർഥിയാണ്.