കേരളം

kerala

ETV Bharat / sports

'മെഡല്‍ വാരിയ ഏഷ്യന്‍ ഗെയിംസ്, കാള്‍സനെ വീണ്ടും വിറപ്പിച്ച പ്രജ്ഞാനന്ദ, ചുണ്ടകലത്തില്‍ നഷ്‌ടമായ രണ്ട് കപ്പുകള്‍..'; ഇന്ത്യന്‍ കായിക രംഗത്ത് ഈ വര്‍ഷത്തിന്‍റെ അടയാളപ്പെടുത്തലുകള്‍

Sports Year ender 2023: 2023 വര്‍ഷത്തില്‍ ഇന്ത്യന്‍ കായിക ലോകത്തുണ്ടായ പ്രധാന സംഭവങ്ങളെക്കുറിച്ച് അറിയാം.....

Sports Year ender 2023  India in Sports 2023  ഇയര്‍ എന്‍ഡര്‍ 2023  ഗുസ്‌തി താരങ്ങളുടെ സമരം
Sports Year ender 2023

By ETV Bharat Kerala Team

Published : Dec 27, 2023, 6:58 PM IST

Updated : Dec 31, 2023, 10:06 AM IST

പതിവ് പോലെ തന്നെ ഏറെ സംഭവബഹുലമായാണ് 2023 വര്‍ഷവും വിട പറയുന്നത്. കായിക ലോകത്ത് ഇന്ത്യയ്‌ക്ക് ഏറെ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞ വര്‍ഷമാണിത്. എന്നാല്‍ രാജ്യത്തിന് തന്നെ തലകുനിയ്‌ക്കേണ്ടി വന്ന വിവാദങ്ങളും അരങ്ങേറി. ഇന്ത്യന്‍ കായിക രംഗത്ത് 2023-ന്‍റെ അടയളപ്പെടുത്തലുകള്‍ എന്തെല്ലാമെന്ന് നോക്കാം....

ഗോദയ്‌ക്ക് പുറത്ത് നീതിയ്‌ക്കായി പോരാട്ടം: ഗുസ്‌തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട വിവാദങ്ങളോടെയാണ് ഈ വര്‍ഷത്തിന്‍റെ തുടക്കവും അവസാനവും (Wrestlers Protest). ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ലൈംഗികാതിക്രമണം നടത്തിയെന്നും ഇയാള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഗുസ്‌തി താരങ്ങള്‍ ജനുവരിയില്‍ സമരത്തിന് ഇറങ്ങിയത്.

ഒളിമ്പ്യൻമാരായ സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട് തുടങ്ങിയവരായിരുന്നു നേതൃത്വം. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഉചിതമായ നടപടി ഉണ്ടാവാതിരുന്നതോടെ ഒരു സമരപരമ്പര തന്നെ താരങ്ങള്‍ക്ക് നടത്തേണ്ടി വന്നു. ഒടുവില്‍ ഫെഡറേഷന്‍ തലപ്പത്ത് നിന്നും ബ്രിജ് ഭൂഷണ്‍ ശരണ്‍ തെറിച്ചു.

സാക്ഷി മാലിക്

എന്നാല്‍ ഡിസംബര്‍ അവസാനത്തില്‍ ബ്രിജ് ഭൂഷണിന്‍റെ അനുയായി സഞ്ജയ് സിങ്ങാണ് തല്‍സ്ഥാനത്തേക്ക് എത്തിയത്. ഇതില്‍ പ്രതിഷേധിച്ച് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സാക്ഷി മാലിക് വിരമിക്കല്‍ പ്രഖ്യാപിച്ചു. തന്‍റെ ബൂട്ട് അഴിച്ച് മേശപ്പുറത്ത് വച്ച് നിറകണ്ണുകളോടെയാണ് 31-കാരി ഗുസ്‌തി മതിയാക്കുന്നതായി അറിയിച്ചത്. ഇന്ത്യയ്‌ക്കായി ഒളിമ്പിക്‌ ഗുസ്‌തിയില്‍ മെഡല്‍ നേടുന്ന ആദ്യ വനിത താരമാണ് സാക്ഷി. പിന്നാലെ തനിക്ക് ലഭിച്ച പത്മശ്രീ പുരസ്‌കാരം ബജ്‌റംഗ് പുനിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപമുള്ള തെരുവില്‍ ഉപേക്ഷിക്കുകയും ചെയ്‌തു. കായിക ലോകത്തിന് മുന്നില്‍ രാജ്യത്തിന് തലകുനിയ്‌ക്കേണ്ടി വന്ന സംഭവമാണിത്.

മെഡല്‍ വാരിയ ഏഷ്യന്‍ ഗെയിംസ്: ചൈനയിലെ ഹാങ്‌ചോയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ (Asian Games 2023) സ്വപ്‌ന തുല്യമായ മെഡല്‍ കൊയ്‌ത്ത് നടത്തിയാണ് ഇന്ത്യന്‍ സംഘം തിരികെ പറന്നത്. വിവിധ മത്സര വിഭാഗങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ വമ്പന്‍ പോരാട്ടം കാഴ്‌ചവച്ചപ്പോള്‍ 107 മെഡലുകളാണ് രാജ്യം നേടിയത്. 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവുമായിരുന്നു ഇന്ത്യ നേടിയത്. ചരിത്രത്തില്‍ ഇതാദ്യമായാണ് ഏഷ്യാഡില്‍ മെഡലുകളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നക്കം തൊടുന്നത്. 2018- ല്‍ ജക്കാര്‍ത്തയില്‍ സ്വന്തമാക്കിയ 70 മെഡലുകളായിരുന്നു ഏഷ്യന്‍ ഗെയിംസില്‍ ഇതിന് മുന്നെ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം.

ഏഷ്യന്‍ ഗെയിംസ് 2023

മിന്നിത്തിളങ്ങി നീരജ് ചോപ്ര: ഒളിമ്പിക് മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ വര്‍ഷമായിരുന്നുവിത്. ദോഹ ഡയമണ്ട് ലീഗ്, ലുസൈന്‍ ഡയമണ്ട് ലീഗ് എന്നിവയ്‌ക്ക് പിന്നാലെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും നീരജ് സ്വര്‍ണമണിഞ്ഞു. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോ ഫൈനലില്‍ 88.17 മീറ്റര്‍ കണ്ടെത്തിയാണ് നീരജ് സ്വര്‍ണം കഴുത്തിലണിഞ്ഞത്. ഇതോടെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാവാനും 25-കാരനായ നീരജ് ചോപ്രയ്‌ക്ക് കഴിഞ്ഞു. പിന്നീട് ഏഷ്യന്‍ ഗെയിംസിലും നീരജ് സ്വര്‍ണ നേട്ടം ആവര്‍ത്തിച്ചിരുന്നു.

നീരജ് ചോപ്ര

ചരിത്രത്തിലേക്കുള്ള സ്‌മാഷ്: ബാഡ്‌മിന്‍റണ്‍ ലോകത്ത് ഇന്ത്യയുടെ അഭിമാനമുയര്‍ത്താന്‍ പുരുഷ ഡബിള്‍സ് ജോഡിയായ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യത്തിനായിരുന്നു. സ്വിസ് ഓപ്പൺ സൂപ്പർ 300, ഇന്തോനേഷ്യ ഓപ്പൺ സൂപ്പർ 1000, കൊറിയ ഓപ്പൺ സൂപ്പർ 500 എന്നിവയില്‍ വിജയം നേടാന്‍ ഇരുവര്‍ക്കുമായി. പ്രസ്‌തുത ടൂര്‍ണമെന്‍റുകള്‍ വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ ജോഡിയാണ് സാത്വിക്‌സായിരാജും ചിരാഗ് ഷെട്ടിയും. ഏഷ്യൻ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പിലും ഇരുവരും ചാമ്പ്യന്മാരായിരുന്നു. ഇതിന് പിന്നാലെ ഏഷ്യന്‍ ഗെയിസിംസിലും സ്വര്‍ണം നേടിയ താരങ്ങള്‍ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്‌തു.

സാത്വിക്‌സായിരാജും ചിരാഗ് ഷെട്ടിയും

കാല്‍പ്പന്ത് ലോകത്തും നേട്ടം: ഇന്ത്യന്‍ ഫുട്‌ബോളിനെ സംബന്ധിച്ചും തിളക്കമേറിയ വര്‍ഷമാണിത്. ഫിഫ റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള ടീമുകളെ ഉള്‍പ്പെടെ വീഴ്‌ത്തിക്കൊണ്ട് ഇന്‍റർകോണ്ടിനെന്‍റൽ കപ്പും സാഫ് ചാമ്പ്യൻഷിപ്പും ഇന്ത്യ സ്വന്തമാക്കി. ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന ഇന്‍റർകോണ്ടിനെന്‍റൽ കപ്പ് ഫൈനലില്‍ ലെബനനെ തോല്‍പ്പിച്ചായിരുന്നു ആതിഥേയര്‍ കിരീടം ഉയര്‍ത്തിയത്. സാഫ് കപ്പ് ഫൈനലില്‍ കുവൈത്തിനെയാണ് ഇന്ത്യ വീഴ്‌ത്തിയത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം

കാള്‍സനെ വീണ്ടും വിറപ്പിച്ച് പ്രജ്ഞാനന്ദ: ചെസ് ലോകകപ്പിന്‍റെ (Chess World Cup 2023) ഫൈനലില്‍ പ്രവേശിച്ച് ആർ പ്രജ്ഞാനന്ദ ഇന്ത്യയുടെ അഭിമാനമായി (R Praggnanandhaa). കലാശപ്പോരില്‍ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ (Magnus carlsen) ഏറെ വിറപ്പിച്ചായിരുന്നു പ്രജ്ഞാനന്ദ തോല്‍വി സമ്മതിച്ചത്. ടൈബ്രേക്കറിൽ 1.5 - 0.5 എന്ന പോയിന്‍റിനാണ് കാൾസൻ പ്രജ്ഞാനന്ദയെ കീഴടക്കിയത്. ആദ്യം നടന്ന രണ്ട് ക്ലാസിക്കൽ ഗെയിമുകളിലും മാഗ്നസ് കാൾസനെ സമനിലയിൽ കുരുക്കിയിടാന്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്‌മാസ്റ്റര്‍ക്ക് കഴിഞ്ഞിരുന്നു.

ആര്‍ പ്രജ്ഞാനന്ദ

ചുണ്ടകലത്തില്‍ നഷ്‌ടമായ രണ്ട് കപ്പുകള്‍: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ ഐസിസി കിരീട വരള്‍ച്ച വീണ്ടും നീട്ടിയ വര്‍ഷമാണിത്. ഇത്തവണ രണ്ട് ഫൈനലുകള്‍ കളിച്ചുവെങ്കിലും രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യയ്‌ക്ക് കാലിടറി. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലായിരുന്നു ആദ്യത്തേത്. ഇംഗ്ലണ്ടിലെ കെന്നിങ്‌ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയോടായിരുന്നു ഇന്ത്യയുടെ തോല്‍പ്പിച്ചത്. പിന്നീട് സ്വന്തം മണ്ണില്‍ നടന്ന ഏകദിന ലോകകപ്പും ടീമിന് ചുണ്ടകലത്തില്‍ നഷ്‌ടമായി. ഒരൊറ്റ മത്സരങ്ങളും തോല്‍ക്കാതെ മിന്നും കുതിപ്പുമായി ആയിരുന്നു ആതിഥേയര്‍ ഫൈനല്‍ ഉറപ്പിച്ചത്.

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം, ഏഷ്യ കപ്പ് വിജയവും ലോകകപ്പ് ഫൈനലിലെ തോല്‍വിയും

എന്നാല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ അന്തിമചിരി എതിരാളികളായിരുന്ന ഓസ്‌ട്രേലിയയ്‌ക്ക് ആയിരുന്നു. ഇതോടെ 2013-ലെ ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് ശേഷം വീണ്ടുമൊരു ഐസിസി ടോഫിയ്‌ക്കായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് വീണ്ടും നീളുകയാണ്. എന്നാല്‍ ഏഷ്യ കപ്പില്‍ വിജയം നേടാന്‍ രോഹിത് ശര്‍മയുടെ സംഘത്തിന് കഴിഞ്ഞു. ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയെ ആയിരുന്നു ഇന്ത്യ തോല്‍പ്പിച്ചത്.

ഏറ്റവും വിലയ വിജയവുമായി ഹര്‍മനും സംഘവും: ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന് ഏറെ അഭിമാനിക്കാന്‍ വകയുള്ള വര്‍ഷമാണിത്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഹര്‍മന്‍പ്രീത് കൗറും സംഘം ടെസ്റ്റ് ക്രിക്കറ്റിലാണ് വമ്പന്‍ നേട്ടമുണ്ടാക്കിയത്. വര്‍ഷാവസാനത്തില്‍ പര്യടനത്തിന് എത്തിയ ഇംഗ്ലണ്ടിനേയും ഓസ്‌ട്രേലിയയേയും ആതിഥേയര്‍ തകര്‍ത്തു വിട്ടു.

ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം

ഇംഗ്ലണ്ടിനെതിരെ നവി മുംബൈയില്‍ നടന്ന ഏക ടെസ്റ്റില്‍ 347 റണ്‍സിന്‍റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. വനിത ടെസ്റ്റിന്‍റെ ചരിത്രത്തില്‍ റണ്‍ അടിസ്ഥാനത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ഓസ്‌ട്രേലിയയ്‌ക്ക് എതിരെ വാങ്കഡെയില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വനിതകളുടെ വിജയം. ഇതോടെ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന റെക്കോഡ് നേടാനും ഇന്ത്യയ്ക്ക് കഴിഞ്ഞു.

ALSO READ: കളം മാറ്റിചവിട്ടി മെസിയും നെയ്‌മറും, തലയെടുപ്പോടെ ഓസ്‌ട്രേലിയ, ജോക്കോ എന്ന ഇതിഹാസം; ഒരു കായിക വര്‍ഷത്തിന്‍റെ ഓര്‍മകള്‍

Last Updated : Dec 31, 2023, 10:06 AM IST

ABOUT THE AUTHOR

...view details