യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടികളിൽ പ്രതിഷേധം അറിയിച്ച് കായികലോകവും. യുദ്ധം നിർത്താൻ ആഹ്വാനം ചെയ്‌ത് 'സ്റ്റോപ്പ് വാർ' എന്ന എഴുത്ത് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പല കായിക മത്സരങ്ങൾക്കിടയിലും കണ്ടു. താരങ്ങൾക്കൊപ്പം കാണികളും ഒരോ മത്സരങ്ങളിലും യുക്രൈന് ഐക്യദാർഢ്യം അറിയിക്കുന്നുണ്ട്.
ബാഴ്‌സലോണയും നേപ്പാളും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി ഇരു ടീമിലേയും കളിക്കാർ യുക്രൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്റ്റോപ്പ് വാർ എന്ന ബാനർ ഉയർത്തിയിരുന്നു. ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിന് മുന്നോടിയായാണ് താരങ്ങൾ മൈതാനത്തിന് നടുവിലെത്തി ബാനർ ഉയർത്തിയത്.
ഒളിംപിയാക്കോസിനെതിരായ മത്സരത്തിൽ അറ്റ്‌ലാന്‍റക്ക് വേണ്ടി ഗോൾ നേടിയ ശേഷം യുക്രൈനിയൻ താരം റുസ്ലാൻ മാലിനോവ്‌സ്‌കി തന്‍റെ ജേഴ്‌സി ഉയർത്തി യുക്രൈനിൽ യുദ്ധമില്ല എന്നെഴുതിയ ബനിയൻ പ്രദർശിപ്പിച്ചിരുന്നു. ഇതോടെ മറ്റ് താരങ്ങളും താരത്തിന് പിന്തുണയുമായി എത്തി.
ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ അയാക്‌സിനെതിരെ ബെൻഫിക്കയുടെ യുക്രൈൻ താരം റോമൻ യാരംചുക്കും രാജ്യത്തിന് പിന്തുണ നൽകിയിരുന്നു. ഗോൾ നേടിയ ശേഷം തന്‍റെ ജേഴ്‌സിയൂരി യുക്രൈന്‍റെ ദേശീയ ചിഹ്നം പതിപ്പിച്ച ബനിയൻ ധരിച്ചാണ് താരം ഐക്യദാർഢ്യം അറിയിച്ചത്.