ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്ക് പ്രദേശമായ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കായിക ലോകം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി ഉള്‍പ്പെടെയാണ് വീര ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്ത് വന്നത്. ഗാല്‍വാന്‍ താഴ്വരയില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരെ ആഴത്തില്‍ ബഹുമാനിക്കുന്നുവെന്നും അവരെ സല്യൂട്ട് ചെയ്യുന്നുവെന്നും വിരാട് കോലി ട്വീറ്റ് ചെയ്തു.
വീരമൃത്യുവരിച്ച സൈനികര്‍ക്ക് കായിക ലോകത്തിന്‍റെ ആദരാഞ്ജലി - ഗാല്‍വാന്‍ സംഘര്‍ഷം വാര്‍ത്ത
ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ വീരമൃത്യുവരിച്ച കേണല്‍ ബി സന്തോഷ് ബാബു ഉള്‍പ്പെടെ 20 സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കായിക ലോകം
സൈനികരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. അതിര്‍ത്തി കാത്ത സൈനികര്‍ രാജ്യത്തിന്റെ യഥാര്‍ഥ ഹീറോകളാണെന്ന് ഉപനായകന്‍ രോഹിത് ശര്‍മയും ട്വീറ്റ് ചെയ്തു. അതിര്‍ത്തിയില്‍ സൈനികരെ കൊല ചെയ്തതിന് പിന്നില്‍ ഒരു പദ്ധതി ഉള്ളതായി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ ബൈച്ചുങ് ബൂട്ടിയ ട്വീറ്റ് ചെയ്തു. ചൈന തങ്ങളുടെ പൗരന്‍മാരെ ആഴ്ചകള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്നും തിരിച്ചുവിളിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍, ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ തുടങ്ങിയവരും ആദരം അര്‍പ്പിച്ച് ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ച ഇന്ത്യന്‍ പ്രദേശത്ത് ചൈന നടത്തിയ അതിക്രമത്തെ തുടര്‍ന്നാണ് ഇരു സൈനിക വിഭാഗവും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ബിഹാര്‍ റജിമെന്റിലെ കേണല്‍ ബി സന്തോഷ് ബാബു ഉള്‍പ്പെടെ 20 ഇന്ത്യന്‍ ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്.