ന്യൂഡൽഹി: വരാനിരിക്കുന്ന ബിർമിങ്ങ്ഹാം കോമൺവെൽത്ത് ഗെയിംസ്, ഹാങ്‌സോ ഏഷ്യൻ ഗെയിംസ് എന്നിവ മുന്നില്‍ കണ്ട് കായിക മേഖലയ്ക്ക് ബജറ്റ് വിഹിതം വർധിപ്പിച്ച് കേന്ദ്ര സർക്കാർ. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സില്‍ നടത്തിയ മികച്ച പ്രകടനം കൂടി കണക്കിലെടുത്താണ് മുൻ വർഷത്തേക്കാൾ കൂടുതല്‍ തുക വകയിരുത്താൻ കേന്ദ്ര ധനമന്ത്രി തീരുമാനിച്ചത്.
2022-23 സാമ്പത്തിക വർഷത്തേക്ക് 3062.60 കോടി രൂപയാണ് ബജറ്റില്‍ കായികമേഖലയ്ക്കായി വകയിരുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 305.58 കോടി രൂപയുടെ വർധന. കഴിഞ്ഞ സാമ്പത്തിക വർഷം സ്‌പോർട്‌സിനായി സർക്കാർ 2596.14 കോടി രൂപ അനുവദിച്ചിരുന്നു, അത് പിന്നീട് 2757.02 കോടി രൂപയായി വർധിപ്പിച്ചു.
മോദി സർക്കാരിന്‍റെ അഭിമാനകരമായ ഖേലോ ഇന്ത്യ പദ്ധതിക്കായി ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ 316.29 കോടി രൂപയുടെ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ബജറ്റിൽ 657.71 കോടി രൂപ ലഭിച്ച ഖേലോ ഇന്ത്യ പദ്ധതി 974 കോടി രൂപയായി വർധിപ്പിച്ചു. കായിക താരങ്ങൾക്കുള്ള പ്രോത്സാഹനവും അവാർഡുകളും നല്‍കുന്നതിനായി ബജറ്റ് വിഹിതം 245 കോടിയിൽ നിന്ന് 357 കോടി രൂപയായി വർധിച്ചു.