റിയാദ് :റയല്‍ മാഡ്രിഡ് (Real Madrid) സ്‌പാനിഷ് സൂപ്പര്‍ കപ്പിന്‍റെ (Spanish Super Cup/ Supercopa) ഫൈനലില്‍. റിയാദിലെ അല്‍ അവാല്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെയാണ് (Atletico Madrid) റയല്‍ തകര്‍ത്തത്. എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ 5-3 എന്ന സ്കോറിനാണ് റയലിന്‍റെ ജയം (Real Madrid vs Atletico Madrid Super Cup Semi Final Result).
മാഡ്രിഡ് ഡെര്‍ബിയുടെ ആവേശം അതുപോലെ നിറഞ്ഞതായിരുന്നു സൂപ്പര്‍ കപ്പിലെ സെമി പോരാട്ടവും. അല്‍ അവാല്‍ സ്റ്റേഡിയത്തില്‍ ആദ്യ വിസില്‍ മുതല്‍ തന്നെ മത്സരം കത്തിക്കയറി. മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച അത്‌ലറ്റിക്കോ മത്സരത്തിന്‍റെ ആറാം മിനിറ്റില്‍ ലീഡും പിടിച്ചു.
കോര്‍ണറില്‍ നിന്നും മരിയോ ഹെര്‍മോസോയായിരുന്നു (Mario Hermoso) അത്‌ലറ്റിക്കോയുടെ ആദ്യ ഗോള്‍ നേടിയത്. ഇതോടെ, തിരിച്ചടിക്കാനുള്ള നീക്കങ്ങള്‍ റയലും തുടങ്ങി. 19-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്‌ഹാമിന്‍റെ ഗോള്‍ ശ്രമം പുറത്തേക്ക്.
പിന്നാലെ, റയലിന് അനുകൂലമായിട്ടൊരു കോര്‍ണര്‍. ലൂക്കാ മോഡ്രിച്ച് ഗ്രൗണ്ടിന്‍റെ വലതുമൂലയില്‍ നിന്നുമെടുത്ത കോര്‍ണര്‍ കിക്ക് പ്രതിരോധനിര താരം അന്‍റോണിയോ റൂഡിഗര്‍ (Antonio Rudiger) തലകൊണ്ട് മറിച്ച് അത്‌ലറ്റിക്കോയുടെ വലയിലെത്തിച്ചു. ആ ഗോളിന്‍റെ ആഘോഷം കെട്ടടങ്ങുന്നതിന് മുന്‍പ് തന്നെ റയലിന് രണ്ടാമതും അത്ലറ്റിക്കോ ഗോള്‍വല കുലുക്കാനായി.
ഇത്തവണ, പ്രതിരോധനിരയിലെ ഫെര്‍ലന്‍ഡ് മെന്‍ഡിയാണ് (Ferland Mendy) റയലിനായി ഗോള്‍ കണ്ടെത്തിയത്. മത്സരത്തിന്‍റെ 29-ാം മിനിറ്റിലായിരുന്നു ഗോളിന്‍റെ പിറവി. എന്നാല്‍, ഈ ലീഡ് അധികം നേരം കൈവശം വയ്‌ക്കാന്‍ റയലിന് സാധിച്ചിരുന്നില്ല.