റിയാദ്:സ്‌പാനിഷ് സൂപ്പര്‍ കപ്പില്‍ റയല്‍ മാഡ്രിഡ് ഫൈനലില്‍. സെമിയില്‍ വലന്‍സിയയെ ഷൂട്ടൗട്ടില്‍ പിടിച്ചുകെട്ടിയാണ് റയലിന്‍റെ മുന്നേറ്റം. 4-3 നായിരുന്നു ഷൂട്ടൗട്ടില്‍ റയലിന്‍റെ ജയം.
നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും ഓരോ ഗോള്‍ നേടി സമനില വഴങ്ങിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ വലന്‍സിയയുടെ അവസാന കിക്ക് തടുത്തിട്ട ഗോളി തിബോട്ട് കോര്‍ട്ടോയിസിന്‍റെ പ്രകടനമികവാണ് സ്‌പാനിഷ് വമ്പന്മാര്‍ക്ക് തുണയായത്. കൂടാതെ രണ്ടാം കിക്ക് പുറത്തേക്ക് അടിച്ച് കളഞ്ഞതും വലന്‍സിയക്ക് തിരിച്ചടിയായി.
മത്സരത്തിന്‍റെ തുടക്കം മുതല്‍ പന്ത് കൈവശം വച്ച് കളിച്ച റയല്‍ 5-ാം മിനിട്ടില്‍ തന്നെ ആദ്യ ഗോള്‍ ശ്രമം നടത്തിയിരുന്നു. ടോണി ക്രൂസ് ഉയര്‍ത്തി നല്‍കിയ പന്ത് തലകൊണ്ട് തട്ടി ഗോളാക്കാന്‍ മിലിട്ടാവോ ഉയര്‍ന്ന് ചാടി. പക്ഷെ ബോളിലേക്ക് കൃത്യമായെത്താന്‍ താരത്തിന് സാധിച്ചില്ല.
പതിയെ താളം കണ്ടെത്തി മുന്നേറ്റം നടത്താനായിരുന്നു പിന്നീട് ഇരു ടീമും ശ്രമിച്ചത്. പത്താം മിനിട്ടില്‍ റയലിന് മത്സരത്തിലെ ആദ്യ സുവര്‍ണാവസരം ലഭിച്ചു. നിയര്‍ പോസ്‌റ്റ് ലക്ഷ്യം വച്ച് റോഡ്രിഗോ പായിച്ച ഷോട്ട് പുറത്തേക്ക് പോകുകയായിരുന്നു.
തുടര്‍ന്നും റയലിന്‍റെ താരങ്ങള്‍ വലന്‍സിയ പോസ്റ്റിലേക്ക് നിറയൊഴിച്ചുകൊണ്ടേയിരുന്നു. പതിനാലാം മിനിട്ടില്‍ കിട്ടിയ അവസരം ഗോളാക്കി മാറ്റാന്‍ ബെന്‍സേമയ്‌ക്കും സാധിച്ചില്ല. ആദ്യ പതിനഞ്ച് മിനിട്ടില്‍ താളം കണ്ടെത്താന്‍ വലന്‍സിയ നന്നേ പാടുപെട്ടിരുന്നു.
മത്സരത്തിന്‍റെ 28ാം മിനിട്ടില്‍ കാമവിംഗയ്‌ക്ക് റഫറി മഞ്ഞ കാര്‍ഡ് നല്‍കി. ലാറ്റോയ ഫൗള്‍ ചെയ്‌തതിനാണ് താരത്തിന് റഫറി യെല്ലോ കാര്‍ഡ് വിധിച്ചത്. തുടര്‍ന്ന് 30 മിനിട്ടില്‍ ഇടത് വിങ്ങില്‍ നിന്നും വിനീഷ്യസ് ജൂനിയര്‍ നടത്തിയ മുന്നേറ്റവും കൃത്യമായി ലക്ഷ്യം കണ്ടില്ല.
വിങ്ങുകളില്‍ നിന്നായിരുന്നു റയല്‍മാഡ്രിന്‍റെ ഭൂരിഭാഗം മുന്നേറ്റങ്ങളും പിറന്നത്. അത് തടഞ്ഞു നിര്‍ത്താന്‍ വലന്‍സിയ നന്നേ പാടുപെട്ടു. 37ാം മിനിട്ടില്‍ കരീം ബെന്‍സേമയെ ബോക്സിനുള്ളില്‍ ഫൗള്‍ ചെയ്‌തതിന് റയലിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു.
കിക്കെടുക്കാനെത്തിയ ബെന്‍സേമ പന്ത് കൃത്യമായി തന്നെ വലയിലെത്തിച്ചു. സൂപ്പര്‍ കപ്പിന്‍റെ ഒന്നാം സെമിയില്‍ 39ാം മിനിട്ടില്‍ സ്പാനിഷ് ചാമ്പ്യന്മാര്‍ ലീഡ് നേടി. തുടര്‍ന്ന് ഒരു ഗോള്‍ ലീഡുമായാണ് റയല്‍ ആദ്യ പകുതി അവസാനിപ്പിച്ചത്.
കാമവിംഗയെ തിരികെ വിളിച്ച് പകരം ലൂക്കാ മോഡ്രിച്ചിനെ കളത്തിലിറക്കിയാണ് റയല്‍ രണ്ടാം പകുതി തുടങ്ങിയത്. പക്ഷെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വലന്‍സിയ റയലിനെ ഞെട്ടിച്ചു. 46ാം മിനിട്ടില്‍ സാമുവല്‍ ലിനോയുടെ വകയായിരുന്നു ഗോള്‍.
തുടര്‍ന്ന് തിരിച്ചടിക്കാന്‍ റയലും ലീഡുയര്‍ത്താന്‍ വലന്‍സിയയും ശ്രമം നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു. വലന്‍സിയന്‍ പോസ്റ്റിലേക്ക് അവസാന നിമിഷങ്ങളില്‍ വിനീഷ്യസ് വിനാശം വിതയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും ഗോളി മമർദാഷ്വിലി ഗോള്‍ ശ്രമങ്ങളെല്ലാം പറന്ന് തട്ടിയകറ്റി. പിന്നാലെ എക്‌സ്ട്രാ ടൈമിലും ഇരു ടീമിനും ഗോള്‍ കണ്ടെത്താനായില്ല.
സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ഇന്നാണ് രണ്ടാം സെമി ഫൈനല്‍. ഇന്ന് നടക്കുന്ന മത്സരത്തില്‍ റയല്‍ ബെറ്റിസ് ബാഴ്‌സലോണയെ നേരിടും. ഈ മത്സരത്തിലെ വിജയികളാണ് കലാശപ്പോരാട്ടത്തില്‍ റയലിന്‍റെ എതിരാളി.