റിയാദ് : നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണ സ്‌പാനിഷ് സൂപ്പര്‍ കപ്പിന്‍റെ ഫൈനലില്‍ (Barcelona into Super Cup Finals). റിയാദിലെ അല്‍ അവാല്‍ സ്റ്റേഡിയം വേദിയായ സൂപ്പര്‍കോപ്പ രണ്ടാം സെമിയില്‍ ഓസാസുനയെ ആണ് ബാഴ്‌സ മറികടന്നത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബാഴ്‌സയുടെ ജയം (Barcelona vs Osasuna Super Cup Semi Final Result).
റോബര്‍ട്ട് ലെവന്‍ഡോസ്‌കി (Robert Lewandowski) ലമീന്‍ യമാല്‍ (Lamine Yamal) എന്നിവരാണ് മത്സരത്തില്‍ ബാഴ്‌സയ്‌ക്കായി ഗോളുകള്‍ നേടിയത്. രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളുടെയും പിറവി.
ഓസാസുനയെ വിറപ്പിച്ചുകൊണ്ടായിരുന്നു ബാഴ്‌സലോണ അല്‍ അവാല്‍ സ്റ്റേഡിയത്തില്‍ കളി തുടങ്ങിയത്. മത്സരത്തിന്‍റെ തുടക്കം മുതല്‍ തന്നെ ഒസാസുനയുടെ ഗോള്‍മുഖത്തേക്ക് പന്തുമായി കടന്നുചെല്ലാന്‍ ബാഴ്‌സയ്‌ക്ക് സാധിച്ചു. നിരവധി അവസരങ്ങളാണ് ആദ്യ പകുതിയില്‍ തന്നെ ബാഴ്‌സ സൃഷ്‌ടിച്ചത്.
പലപ്പോഴും അവര്‍ ഗോളിനരികില്‍ വരെ എത്തി. എന്നാല്‍, ആ അവസരങ്ങള്‍ ഒന്നും തന്നെ സ്കോറാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. മറുവശത്ത് ഒസാസുനയും ഗോള്‍ അവസരങ്ങള്‍ സൃഷ്‌ടിച്ചിരുന്നു.
ഫിനിഷിങ്ങിലെ പാളിച്ചകള്‍ അവര്‍ക്കും ആദ്യ പകുതിയില്‍ നിരാശയാണ് സമ്മാനിച്ചത്. അങ്ങനെ, ഇരു ടീമും ഗോള്‍ കണ്ടെത്താതിരുന്നതോടെ ഗോള്‍ രഹിതമായിട്ടാണ് മത്സരത്തിന്‍റെ ആദ്യ പകുതി അവസാനിച്ചത്.