റിയാദ്:സ്‌പാനിഷ് സൂപ്പര്‍ കപ്പ് (Spanish Super Cup) 2024ലെ ചാമ്പ്യന്മാരായി റയല്‍ മാഡ്രിഡ് (Real Madrid). ഫൈനലില്‍ ചിരവൈരികളായ ബാഴ്‌സലോണയെ ആണ് റയല്‍ തകര്‍ത്തത്. സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറുടെ ഹാട്രിക് മികവില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റയല്‍ ജയം പിടിച്ചത്.
റയലിന്‍റെ 13-ാം സൂപ്പര്‍ കപ്പ് നേട്ടമാണിത് (Real Madrid Super Cup Wins In History). കഴിഞ്ഞ വര്‍ഷം റയലിനെ തകര്‍ത്തായിരുന്നു ബാഴ്‌സലോണ സൂപ്പര്‍ കപ്പില്‍ മുത്തമിട്ടത്. ആ തോല്‍വിയ്‌ക്ക് പകരം വീട്ടുന്നതായിരുന്നു അല്‍ അവാല്‍ സ്‌റ്റേഡിയത്തിലെ ഇപ്രാവശ്യത്തെ ലോസ് ബ്ലാങ്കോസിന്‍റെ ജയം.
ഇരു ടീമുകളും സീസണിലെ ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങിയ എല്‍ ക്ലാസിക്കോ (EL Clasico Super Cup) പോരാട്ടത്തില്‍ റയല്‍ മാഡ്രിഡാണ് മുന്നേറ്റങ്ങള്‍ക്ക് തുടക്കമിട്ടത്. മത്സരത്തിന്‍റെ ആദ്യ മിനിറ്റുകളില്‍ തന്നെ റയലിന് ബാഴ്‌സലോണയുടെ ബോക്‌സിനുള്ളിലേക്ക് കടന്നുകയറാന്‍ സാധിച്ചു. മത്സരത്തിന്‍റെ 6-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്‌ഹാമിന്‍റെ ഗോള്‍ ശ്രമം റൊണാള്‍ഡ് അറൗഹെ ബ്ലോക്ക് ചെയ്‌തു.
എന്നാല്‍, തൊട്ടടുത്ത മിനിറ്റില്‍ തന്നെ മത്സരത്തിലെ ആദ്യ ഗോള്‍ കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചു. മൈതാനത്തിന്‍റെ മധ്യഭാഗത്ത് നിന്നുമുള്ള ജൂഡ് ബെല്ലിങ്‌ഹാമിന്‍റെ തകര്‍പ്പന്‍ ഒരു ത്രൂ ബോളാണ് ബാഴ്‌സയുടെ ഓഫ്‌സൈഡ് ട്രാപ്പ് പൊളിച്ച് മുന്നേറിയ വിനീഷ്യസ് ഗോളാക്കി മാറ്റിയത്. ഈ ഗോളിന്‍റെ ആഘോഷം കെട്ടടങ്ങുന്നതിന് മുന്‍പ് തന്നെ റയല്‍ മത്സരത്തില്‍ ലീഡ് ഉയര്‍ത്തി.
വിങ് ബാക്ക് കാര്‍വാള്‍ നീട്ടിനല്‍കിയ പന്ത് ഓടിയെടുത്ത് ബാഴ്‌സ ബോക്‌സിലേക്ക് കുതിച്ചെത്തിയ റോഡ്രിഗോ വിനീഷ്യസിന് രണ്ടാം ഗോളിലേക്കുള്ള വഴിയൊരുക്കി. ബോക്‌സിനുള്ളില്‍ നിന്നും റോഡ്രിഗോ നല്‍കി പാസ് വലയ്‌ക്കുള്ളിലേക്ക് എത്തിക്കുക എന്ന ജോലി വിനീഷ്യസും കൃത്യമായി ചെയ്‌തതോടെ റയല്‍ മത്സരത്തിന്‍റെ ആദ്യ 10 മിനിറ്റില്‍ തന്നെ 2 ഗോള്‍ ലീഡ് സ്വന്തമാക്കി.